മാഞ്ചസ്റ്റർ: സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിന് ടോട്ടനം ഹോട്സ്പെറാണ് കീഴടക്കിയത്. ബ്രെണ്ണൻ ജോൺസൻ, കുലുസെവിസ്കി, ഡൊമനിക് സോളങ്കി എന്നിവർ ലക്ഷ്യംകണ്ടു. യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ആദ്യ പകുതിയിൽ ചുവപ്പ്കാർഡ് കണ്ട് പുറത്തുപോയത് മത്സരത്തിൽ നിർണായകമായി.
പ്രീമിയർലീഗിലെ തുടരെയുള്ള തിരിച്ചടികൾ മറക്കാൻ വിജയം ലക്ഷ്യമിട്ടാണ് എറിക് ടെൻഹാഗും സംഘവും ഹോം ഗ്രൗണ്ടിൽ ഇറങ്ങിയത്. എന്നാൽ കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ആദ്യ ഷോക്ക് ലഭിച്ചു. മൈതാന മധ്യത്തിൽ നിന്ന് ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറിയ ബ്രെണ്ണൻ ജോൺസൻ എതിർപ്രതിരോധത്തെ വെട്ടിച്ച് പന്ത് വലയിലാക്കി. ഗോൾവീണ ശേഷവും തുടരെ അക്രമണ ഫുട്ബോളുമായി സന്ദർശകർ യുണൈറ്റഡ് ബോക്സിൽ നിരന്തരം ഭീഷണി സൃഷ്ടിച്ചു. കൗണ്ടർ അറ്റാക്കിലൂടെ സമനില പിടിക്കാനുള്ള യുണൈറ്റഡ് ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ആദ്യപകുതിക്ക് മൂന്ന് മിനിറ്റ് മാത്രം ബാക്കിനിൽക്കെ തുടരെ രണ്ടാംമഞ്ഞകാർഡ് വഴങ്ങി ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പുറത്തുപോയി.
ആദ്യ പകുതിയിൽ അവസാനിപ്പിച്ചിടത്തുനിന്ന് രണ്ടാം പകുതി ആരംഭിച്ച സ്പെർസ് രണ്ട് മിനിറ്റിനകം കുലുസെവ് സ്കിയിലൂടെ വീണ്ടും വലകുലുക്കി. 77ാം മിനിറ്റിൽ ഡൊമിനിക് സോളങ്കിയും ഗോൾ നേടി പട്ടിക പൂർത്തിയാക്കി. തിമോ വെർണർ നിർണായക അവസരങ്ങൾ പാഴാക്കിയില്ലായിരുന്നെങ്കിൽ ഗോൾ എണ്ണം ഇനിയും ഉയർന്നേനെ. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾകീപ്പർ അന്ദ്രെ ഒനാനെ സീസണിൽ തുടരുന്ന മികച്ച പ്രകടനം ആവർത്തിച്ചു.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയെ സമനിലയിൽ തളച്ച് ഇപ്സ്വിച്ച് ടൗൺ. ഇരുടീമുകളും രണ്ട് ഗോൾവീതം നേടി. വില്ലക്കായി മോർഗാൻ റോജേഴ്സും ഒലീ വാറ്റ്കിൻസും വലകുലുക്കി. ലിയാം ഡെലപ് ഇപ്സ്വിച്ചിനായി ഇരട്ടഗോൾനേടി