മാഞ്ചസ്റ്റര്‍: ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് സെമി ഫൈനലിൽ കടന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കാണു യുണൈറ്റഡിന്റെ വിജയം. 120+1–ാം മിനിറ്റിൽ ആമാദ് ഡയല്ലോയാണ് യുണൈറ്റഡിനായി വിജയ ഗോൾ നേടിയത്. ഈ സീസണിനു ശേഷം ലിവർപൂൾ വിടുമെന്ന് പ്രഖ്യാപിച്ച പരിശീലകൻ യുർഗൻ ക്ലോപ്പിന് എഫ്എ കപ്പ് കിരീടവുമായി യാത്രയയപ്പു നൽകാമെന്ന ലിവർപൂൾ താരങ്ങളുടെ മോഹങ്ങളും ഇതോടെ അവസാനിച്ചു. വിജയം യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനും ആശ്വാസം പകരുന്നതായി.
യുണൈറ്റഡിനായി സ്കോട്ട് മക്ടോമിനായ് (10), ആന്റണി (87), മാർകസ് റാഷ്ഫോഡ് (112) എന്നിവരും ലക്ഷ്യം കണ്ടു. അലക്സിസ് മാക് അലിസ്റ്റർ (44), മുഹമ്മദ് സല (47), ഹാർവി എലിയറ്റ് (105) എന്നിവരാണ് ലിവർപൂളിന്റെ ഗോൾ സ്കോറർമാർ. വിജയഗോളിനു ശേഷം ജഴ്സിയൂരി ആഘോഷം നടത്തിയ ആമാദ് ഡയല്ലോ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്തായി. ഗർണാചോയും ആമാദ് ഡയല്ലോയും നടത്തിയ കൗണ്ടർ ആക്രമണത്തിനൊടുവിലാണ് യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. മാർകസ് റാഷ്ഫോഡിന്റെ ഗോൾ പ്രതിരോധ താരം സിമികാസിന്റെ പിഴവിൽ നിന്നായിരുന്നു. സെമിയിൽ ഇംഗ്ലിഷ് ക്ലബ് കവൻട്രിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. മറ്റൊരു സെമി പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടും.