ചെന്നൈ : ഭക്തന്റെ പോക്കറ്റില്‍ നിന്ന് അബദ്ധത്തില്‍ ഭണ്ഡാരത്തില് വീണ ഐഫോണ്‍ തിരികെ നല്കാന് തമിഴ്നാട് ദേവസ്വം തീരുമാനിച്ചു. തിരുപ്പോരൂര്‍ ശ്രീ കന്തസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെയാണ് ഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരത്തില് വീണത്.
ആറുമാസം മുന്‍പാണ് സംഭവം. കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെ ദിനേഷ് എന്ന ഭക്തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന ഐഫോണ്‍ ആണ് ഭണ്ഡാരത്തില് വീണത്. ഫോണ്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര അധികൃതരെ സമീപിച്ചപ്പോള്‍, ഡിസംബര്‍ 19 ന് ‘ഭണ്ഡാരം എണ്ണുന്നതിനായി തുറക്കുമ്പോള്‍ വരാന്‍ നിര്‍ദേശിച്ചു. ഫോണ്‍ കണ്ടെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ അത് തിരികെ നല്കാന് വിസമ്മതിച്ചു. ഭണ്ഡാരത്തില് വീഴുന്നതെല്ലാം ദൈവത്തിന്റേതാണെന്നും തിരികെ നല്‍കില്ലെന്നുമായിരുന്നു ദേവസ്വത്തിന്റെയും ദേവസ്വംമന്ത്രിയുടെയും ആദ്യനിലപാട്.
എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. എടുക്കുന്നതിന് പകരം എല്ലാം നല്‍കുന്നതാണ് ഡിഎംകെ സര്‍ക്കാര്‍ നയമെന്ന് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു പറഞ്ഞു. വകുപ്പ് എല്ലാ സാധ്യതകളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം, ഭക്തന് ഉടന്‍ തന്നെ ഫോണ്‍ തിരികെ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്കി.’ഞങ്ങള്‍ ഫോണ്‍ അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കും. നടപടി ആരംഭിച്ചു കഴിഞ്ഞു,’-മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.