കല്‍പ്പറ്റ : വയനാട് വാകേരിയില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവേളജിക്കൽ പാർക്കിലേക്ക് മാറ്റും. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ സ്ഥലമില്ലാത്തതാണ് കാരണം. കടുവയെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും. പരിക്കുള്ളതിനാൽ ചികിത്സ നൽകും. ഇതിനുശേഷമാകും ഐസൊലേഷൻ ക്യൂബിലേക്ക് കടുവയെ മാറ്റുക.
കടുവയുടെ ആരോഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. കടുവയുടെ മുഖത്തും മറ്റിടങ്ങളിലും വലിയ രീതിയിലുള്ള പരിക്കുണ്ട്. ഇന്നലെ ഉച്ചയോടെയാണ് വയനാടിനെ വിറപ്പിച്ച നരഭോജി കടുവ വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ടത്. 13 വയസുള്ള കടുവയാണ് കെണിയിലായത്.
വാകേരി കൂടല്ലൂര്‍ സ്വദേശിയായ ക്ഷീര കര്ഷകന് പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രജീഷിനെ കടുവ കടിച്ചുകൊന്ന സംഭവം നടന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലായത്. കോളനിക്കവലയ്ക്ക് സമീപം കാപ്പി തോട്ടത്തിൽ വച്ച കൂട്ടിലാണ് രണ്ടുമണിയോടെ കടുവ കയറിയത്. കെണിയിൽ അകപ്പെട്ടതിന് പിന്നാലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.