ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടമാണിത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ഇന്റര്‍ മിലാനും ഗോളൊന്നും നേടാനായില്ല. കളിയുടെ 68-ാം മിനുട്ടില്‍ മധ്യനിര താരം റോഡ്രിഗോയാണ് സിറ്റിയുടെ നിര്‍ണായക ഗോള്‍ നേടിയത്. സിറ്റി നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ റീബൗണ്ടായി വന്ന പന്ത് തകർപ്പൻ ഷോട്ടിൽ റോഡ്രി ഗോൾവര കടത്തുകയായിരുന്നു.സിറ്റി ഗോൾ നേടിയതിനു പിന്നാലെ ഇന്ററിന് തിരിച്ചടിക്കാൻ അവസരങ്ങൾ ലഭിച്ചു. 70–ാം മിനിറ്റിലും 88–ാം മിനിറ്റിലും ലഭിച്ച അവസരങ്ങൾ റൊമേലു ലുക്കാകു നഷ്ടമാക്കി.സിറ്റി ഗോൾകീപ്പർ എഡേഴ്സന്റെ സേവുകളും മത്സരത്തിൽ നിർണായകമായി.
ഈ സീസണിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്നാം കീരിടമാണിത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീടങ്ങളാണ് മാഞ്ചസ്റ്റര്‍ സിറ്റി സീസണില്‍ നേടിയിരുന്നത്. സിറ്റിയുടെ കിരീടനേട്ടം എഫ് സി ബാഴ്സലോണക്കൊപ്പം രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ പരിശീലകന് പെപ് ഗാര്‍ഡിയോളക്കും അഭിമാനമുഹൂര്‍ത്തമാണ്.ഈ വിജയത്തോടെ ട്രെബിള്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ടീമായും സിറ്റി മാറി.