ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാർ ഭൂരിപക്ഷം നേടിയതിന് പിന്നാലെ തന്റെ വിരല്‍ മുറിച്ച് കാളിദേവിക്ക് സമര്‍പ്പിച്ച് യുവാവ്. ഛത്തീസ്ഗഡിലെ ബൽറാംപൂരിലാണ് സംഭവം. 30കാരനായ ബിജെപി അനുയായി ദുര്‍ഗേഷ് പാണ്ഡെയാണ് ക്ഷേത്രത്തിലെത്തി വിരല്‍മുറിച്ച് കാളി ദേവിയ്ക്ക് സമര്‍പ്പിച്ചത്.
ജൂണ്‍ നാലിന് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ തുടക്കത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നിന്നതോട് ദുര്‍ഗേഷ് വലിയ വിഷമത്തിലായിരുന്നു. തുടര്‍ന്ന് കാളി ക്ഷേത്രത്തിലെത്തി ബിജെപിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാവുകയും എന്‍ഡിഎയുടെ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയും ചെയ്തതോടെ പാണ്ഡെ ആഹ്ലാദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തില്‍ ചെന്ന് ഇടതുകൈയിലെ വിരല്‍ വെട്ടി ദേവിക്ക് സമര്‍പ്പിക്കുകയായിരുന്നു.ശേഷം മുറിവിൽ തുണി കെട്ടി രക്തസ്രാവം തടയാൻ ശ്രമിച്ചു. എന്നാൽ മുറിവ് കൂടുതൽ വഷളായി. പിന്നാലെ യുവാവിന്റെ നില ഗുരുതരമായതിനാൽ സമരിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. അടിയന്തര പ്രഥമശുശ്രൂഷ നൽകിയെങ്കിലും പരിക്കിൻ്റെ വ്യാപ്തി കാരണം അംബികാപൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
മെഡിക്കൽ കോളേജിൽ ഡോക്ടർമാർ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിർഭാഗ്യവശാൽ, ചികിത്സ വൈകിയതിനാൽ, യുവാവിന്റെ വിരലിൻ്റെ അറ്റുപോയ ഭാഗം അവർക്ക് വീണ്ടും ഘടിപ്പിക്കാൻ കഴിഞ്ഞില്ല. എങ്കിലും അപകടനില തരണം ചെയ്ത പാണ്ഡെയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ദുർഗേഷ് വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ‘തുടക്കത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത് കണ്ട് ഞാൻ അസ്വസ്ഥനായിരുന്നു. കോൺഗ്രസ് അനുഭാവികൾക്ക് വലിയ ആവേശമായിരുന്നു. ഗ്രാമം മുഴുവൻ വിശ്വസിക്കുന്ന എൻ്റെ ഗ്രാമത്തിലെ കാളി ക്ഷേത്രത്തിൽ ഞാനും പോയി. വിശ്വസിച്ച് ഒരു നേർച്ച നടത്തി. അന്ന് വൈകുന്നേരം ബിജെപി തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ, ഞാൻ ക്ഷേത്രത്തിൽ പോയി എൻ്റെ വിരൽ മുറിച്ച് നൽകി. ബിജെപി ഇപ്പോൾ സർക്കാർ രൂപീകരിക്കും, എൻഡിഎ 400 കടന്നാൽ ഞാൻ കൂടുതൽ സന്തോഷിച്ചേനെ.’ ദുർഗേഷ് പറഞ്ഞു.