കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനത്തിൽ പരിക്കേറ്റത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പിൻസീറ്റിൽ യാത്ര ചെയ്ത മറ്റൊരു ബസിലെ ഡ്രൈവർ റംഷാദാണ് ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ കസബ പൊലീസ് പിടിയിൽ. തോളിൽ കൈ വെച്ചതിലെ തർക്കമാണ് കാരണം.
20ന് രാത്രി 9 മണി കഴിഞ്ഞാണ് സംഭവം ഉണ്ടായത്. നിഷാദിന്റെ സമീപത്തിരുന്നാണ് റംഷാദ് യാത്ര ചെയ്തത്. ഇതിനിടെ റംഷാദ് നിഷാദിന്റെ തോളിൽ കൈ വെച്ചിരുന്നു. കൈ മാറ്റണമെന്ന് നിഷാദ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് റംഷാദ് ക്രൂരമായി മർദിച്ചത്. കഴുത്തിൽ കൈ വരിഞ്ഞുമുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇത് തടഞ്ഞപ്പോൾ നിലത്തിട്ട് മർദിക്കുകയായിരുന്നു. മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു. ഇത് ദൃശ്യങ്ങളിൽ കാണാൻ കഴിയും.
മർദനത്തിനിടെ നിഷാദിന്റെ പണവും ഫോണും പ്രതി കൈക്കലാക്കി. തുടർന്ന് വീണ്ടും മർദിച്ചു. ബസ് നിർത്തിയപ്പോൾ നിഷാദിനെ തള്ളി പുറത്തേക്കിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് കസബ പൊലീസിൽ നിഷാദ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് നൽകുന്ന വിവരം.