കണ്ണൂർ: മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ചയാളെ അറസ്റ്റുചെയ്തു. അഞ്ചരക്കണ്ടി കുഴിമ്പലോട് മെട്ടയിലെ എ.ജയപ്രകാശനെയാണ് (49) കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
തന്റെ ആൾട്ടോ കാറിൽ താഴെചൊവ്വ റെയിൽവെ ഗേറ്റിന് സമീപമാണ് ഇയാൾ പാളത്തിൽ കയറിയത്. 15 മീറ്ററോളം ഓടിയ കാർ വൈകാതെ പാളത്തിൽ കുടുങ്ങി ഓഫായി. കണ്ണൂരിൽ നിന്ന് സ്പിന്നിംഗ് മില്ലിന് സമീപത്തെ റെയിൽവേ ക്രോസ് വഴി കടന്നുപോകുമ്പോഴായിരുന്നു സംഭവം. പാളത്തിന് സമാന്തരമായി പോകുന്നതിനിടയിൽ കുടുങ്ങിയ കാർ ഓഫായത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
ഇതിനിടെ ഓടിയെത്തിയ ഗേറ്റ് കീപ്പർ സംഭവം പൊലീസിലറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാഹനം ട്രാക്കിൽ നിന്ന് മാറ്റിയ ശേഷം ജയപ്രകാശിനെ അറസ്റ്റ് ചെയ്തു. റെയിൽവെ ആക്ട് അനുസരിച്ചും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. ജയപ്രകാശിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ കാർ വിട്ടുകൊടുത്തിട്ടില്ല. വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.