കൊല്‍ക്കത്ത: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും ജയിക്കുമോ എന്ന കാര്യം സംശയമാണ് എന്നാണ് മമത പറഞ്ഞത്. ലോകസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പരിഹാസം. ബംഗാളിലെ മുര്‍ഷിദാബാദില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത ബാനർജി.
‘കോണ്‍ഗ്രസ് 300 സീറ്റുകളില്‍ മത്സരിച്ചാല്‍ 40 എണ്ണത്തിലെങ്കിലും വിജയിക്കുമോ എന്ന കാര്യം സംശയമാണ്. അവര്‍ക്ക് രണ്ടുസീറ്റ് ഞാന്‍ വാഗ്ദാനം ചെയ്തതായിരുന്നു. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ വേണം. അങ്ങനെയാണെങ്കില്‍ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചോളാന്‍ ഞാന്‍ പറഞ്ഞു. അതിനുശേഷം ഞങ്ങള്‍ തമ്മില്‍ സംസാരമുണ്ടായിട്ടില്ല. ഞങ്ങൾ ഒറ്റയ്ക്ക് മത്സരിച്ച് ബംഗാളിൽ ബിജെപിയെ തോൽപ്പിക്കും’ മമത ബാനര്‍ജി പറഞ്ഞു.
കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ ബിജെപിയെ യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നേരിട്ട് തോല്പിക്കുകയാണ് വേണ്ടതെന്നും മമത ബാനർജി ആഞ്ഞടിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ജോഡോ യാത്രയ്ക്കെതിരെയും രൂക്ഷ വിമർശനം നടത്തി. ജോഡോ യാത്ര സംസ്ഥാനത്തെത്തിയിട്ട് പോലും സഖ്യത്തിലുള്ള തന്നെ അറിയിച്ചില്ല. ഉദ്യോഗസ്ഥരിൽ നിന്നാണ് താൻ യാത്രയേക്കുറിച്ച് അറിഞ്ഞത് എന്നാണ് മമത പറഞ്ഞു. അനുമതി തേടി കോൺഗ്രസ് നേതാക്കൾ ഡെറക് ഒബ്രയനെയാണ് വിളിച്ചതെന്നും മമത ബാനർജി പറഞ്ഞു.