മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും നായികാനായകന്മാരാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘കാതൽ ദി കോർ’. പ്രഖ്യാപനം മുതൽക്കെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണിത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നവംബർ 23 മുതൽ ചിത്രം തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
വർഷങ്ങളുടെ ഇടവേളക്ക് ശേഷം ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടത്. ‘കാതൽ ദി കോർ’ന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും രണ്ട് വികാരങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെപോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അൽപം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ‘കാതൽ ദി കോർ’ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ‘കണ്ണൂർ സ്ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘കാതൽ ദി കോർ’ വ്യത്യസ്തമായൊരു കാഴ്ചാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.