മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ വൈകിട്ട് ആറിനും പുറത്തിറങ്ങും. ജന്മദിനാഘോഷത്തിൻറെ ഭാഗമായി കാൽലക്ഷം പേർ രക്തദാനം ചെയ്യുന്ന പരിപാടിയാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ നടപ്പാക്കുന്നത്.
നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കണ്ണൂർ സ്ക്വാഡ് ഈ മാസം 28ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറർ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ഭ്രമയുഗത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നത്.
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോ. ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന കാൽ ലക്ഷം രക്തദാനം വമ്പൻ ഹിറ്റിലേക്ക്. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ആദ്യകാലഘട്ടം തുടങ്ങി പങ്കാളി ആയിരുന്ന അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിൽ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോ. ഇന്റർനാഷണൽ ആണ് രക്തദാന പദ്ധതി നടപ്പാക്കുന്നത്. അങ്കമാലിയിലെ ബ്ലഡ് ബാങ്കിൽ പൊതുജനങ്ങൾക്കും രക്തദാനത്തിന് സൗകര്യം ഉണ്ട്. വിവരങ്ങൾക്ക് 0484 2675415 എന്ന നമ്പറിൽ ബന്ധപ്പെടാം.