ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി മോഷണം നടത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. രാജസ്ഥാൻ സ്വദേശി നാഗേഷാണ് അറസ്റ്റിലായത്. മുത്താപ്പുതുപ്പെട്ടിയിലെ ഒരു ഹാർഡ്വെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന. മോഷണശ്രമത്തിന്റെ ഭാഗമായാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
എരുമേലി സ്വദേശികളായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സമീപ ദിവസങ്ങളിൽ മുത്താപ്പുതുപ്പെട്ടിൽ
നിരവധി മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അവരാണോ ഇതിനുപിന്നിലെന്നുളള
അന്വേഷണവും നടന്നുവരികയാണ്.ദമ്പതികളുടെ വീട്ടിൽ നിന്നും നൂറ് പവൻ സ്വർണം നഷ്ടമായിട്ടുണ്ട്.
വിമുക്തഭടനായ ശിവൻ നായർ മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ഒരു ക്ലിനിക് നടത്തുന്നുണ്ട്. പ്രതികൾ രോഗികളാണെന്ന വ്യാജേന വീട്ടിലേക്ക് കടന്നതിനുശേഷമാണ് കൃത്യം നിർവഹിച്ചതെന്നാണ് കരുതുന്നത്.
വീട്ടിൽ നിന്നും ശബ്ദം കേട്ടതിന് പിന്നാലെ സമീപവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവുമായി കടന്നുകളഞ്ഞിരുന്നു. ദമ്പതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രസന്നകുമാരി
കേന്ദ്രീയ വിദ്യാലയത്തിലെ റിട്ട.അദ്ധ്യാപികയാണ്. ദമ്പതികളുടെ മക്കൾ വിദേശത്താണ്.