ബംഗളൂരു: അങ്കോലയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുനായുള്ള തിരച്ചിലിന് മാല്‍പ സംഘവും. ഗംഗാവലിപ്പുഴയിലെ ശക്തമായ കുത്തൊഴുക്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഉടുപ്പി മാല്‍പ്പയില്‍ നിന്നുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്.
ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ള ആളുകളാണ് സംഘത്തിലുള്ളത്. സമാനമായ മറ്റ് പല ദൗത്യത്തിലും ഇവർ പങ്കെടുത്തിട്ടുണ്ട്. സാഹചര്യം പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പായാൽ ഇവരെ ഫൈബർ ചങ്ങാടത്തിൽ പുഴയിലേക്ക് ഇറക്കും. നിലവില്‍ രക്ഷാസംഘം ഒരു പോയിന്റ് നല്‍കിയിട്ടുണ്ടെന്നും ഈ പോയിന്റ് കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടക്കുന്നതെന്നും സംഘം പ്രതികരിച്ചു. നേവിയുടെ സ്ക്യൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളാണ് മറ്റ് മാർഗങ്ങളും പരിശോധിക്കുന്നത്.
ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോം സ്ഥാപിച്ച ശേഷം നേവിയുടെ മുങ്ങൽവിദഗ്ധർ പുഴയിൽ ഇറങ്ങുന്ന കാര്യവും പരിഗണിച്ചിരുന്നു. 10 ടണ്ണിന്റെയും 25 ടണ്ണിന്റെയും രണ്ടു പൊന്റൂണുകൾ നദിയിൽ നങ്കൂരമിട്ട് സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇതിനുള്ള വംവിധാനങ്ങൾ ഷിരൂരിലേക്ക് എത്തിക്കാൻ കഴിയുന്നില്ലെന്നാണ് വിവരം.