തിരുവനന്തപുരം : ഹിമാചലില്‍ 56 വര്‍ഷം മുമ്പുണ്ടായ വിമാന അപകടത്തില്‍ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ വ്യോമസേനാ സ്റ്റേഷനിലെത്തിച്ച മൃതദേഹം മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കമുള്ളവർ ചേർന്ന് ഏറ്റുവാങ്ങി.
കേന്ദ്രമന്ത്രി സുരേഷ്ഗോപി, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് എന്നിവരും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. നിലവിൽ പാങ്ങോട് സൈനിക ക്യാമ്പിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് സൈനിക അകമ്പടിയോടെ ഇവിടെനിന്ന് മൃതദേഹം പാങ്ങോടേയ്ക്ക് കൊണ്ടുപോകും.12:15ഓടെ സംസ്കാര ശുശ്രൂഷകള്‍ നടക്കും.
1968ലാണ് 102 സൈനികരുമായി ചണ്ഡിഗഡില്നിന്നും ലേയിലേക്ക് പോയ ഇരട്ട എന്‍ജിനുള്ള ടര്‍ബോ പ്രൊപ്പല്ലര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് അപകടത്തിൽപെട്ട് റഡാറിൽനിന്ന് അപ്രത്യക്ഷമായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് തോമസ് ചെറിയാൻ ഉൾപ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തത്.
ഒമ്പത് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞത്. ഇനിയും കണ്ടെത്താനുള്ളവരുടെ കൂട്ടത്തിൽ കോട്ടയം സ്വദേശി കെ.കെ. രാജപ്പൻ, റാന്നി വയലത്തല സ്വദേശി എ.എം. തോമസ് എന്നിവരും ഉണ്ട്. 18ാം വയസിൽ സൈന്യത്തിൽ ചേർന്ന തോമസ് ചെറിയാന് മരിക്കുന്പോൾ 21 വയസായിരുന്നു.