ബെംഗളൂരു: വനിത പ്രീമിയൽ ലീഗിന്റെ പോരാട്ടം പ്ലേഓഫ് ഘട്ടത്തിലേക്ക് കടക്കുകയാണ്. അഞ്ച് ടീമുകൾ ഏറ്റുമുട്ടിയ ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഡൽഹി ഫൈനലിലെത്തി. മുംബൈയും ബാംഗ്ലൂരും തമ്മിലുള്ള മത്സര വിജയികൾ രണ്ടാമത്തെ ഫൈനലിസ്റ്റുകളാകും. കഴിഞ്ഞ തവണ ചാമ്പ്യന്മാരായ മുംബൈയും ഫൈനലിസ്റ്റുകളായ ഡൽഹിയും ആരാധക പിന്തുണയേറെയുള്ള ബാംഗ്ലൂരും ഇത്തവണ കിരീടം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
പ്ലേഓഫിന്റെ ഏറ്റവും വലിയ സവിശേഷത മൂന്ന് ടീമിലും മലയാളികളുണ്ടെന്നാണ്. ഇന്ത്യ എ ടീമിന്റെ നായിക വരെയായ വയനാട്ടുകാരി മിന്നുമണിയാണ് ഡൽഹി ടീമിലെ സാന്നിധ്യം. അവസാന മത്സരത്തിൽ മിന്നുമണി രണ്ട് വിക്കറ്റ് നേടുകയും ചെയ്തിരുന്നു. മുംബൈയുടെ മിന്നും താരം സജന സജീവനാണ് മറ്റൊരു മലയാളി. ആദ്യ മത്സരത്തിലെ എട്ടാമതായിറങ്ങി അവസാന പന്തിൽ സിക്സറിച്ച് മുംബൈയെ വിജയിപ്പിച്ച സജന അവസാന ലീഗ് മത്സരത്തിൽ ഓപ്പണറായിട്ടാണ് കളിച്ചത്. 8 മത്സരങ്ങൾ കളിച്ച സജന 86 റൺസുമായി തിളങ്ങി. 2 മത്സരങ്ങളിൽ പന്തെറിഞ്ഞ താരം 2 വിക്കറ്റും നേടി. സീസണിലെ ആദ്യ മത്സരത്തിൽ യുപി വാരിയേഴ്സിനെതിരെ 5 വിക്കറ്റുമായി തിളങ്ങിയ തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ ആശ ശോഭന പിന്നീട് ബാംഗ്ലൂർ ടീമിന്റെ സ്ട്രൈക്ക് ബോളറായി മാറി. ഡബ്ല്യുപിഎലിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരമായ ആശ, ലീഗ് ഘട്ടം അവസാനിക്കുമ്പോൾ തന്റെ വിക്കറ്റുകൾ ഒൻപതാക്കി ഉയർത്തി. സീസണിൽ ഇതുവരെ കൂടുതൽ വിക്കറ്റ് നേടിയ ബാംഗ്ലൂർ ബോളറും ആശയാണ്.
തുടർച്ചയായ രണ്ടാം സീസണിലും ഫൈനലിൽ ഇടംനേടിയ ഡൽഹി ക്യാപിറ്റൽസ് ഈ സീസണിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ ആറിലും വിജയം നേടി. ടൂർണമെന്റിലെ ടോപ് സ്കോറർമാരിൽ മിന്നിലുള്ള ക്യാപ്റ്റൻ മെഗ് ലാനിങ് (308 റൺസ്) നയിക്കുന്ന ബാറ്റിങ് നിരയാണ് പ്രധാന കരുത്ത്. സഹ ഓപ്പണറായ ഷെഫാലി വർമ നാലാം സ്ഥാനത്തുമുണ്ട് (265). 6 ഇന്നിങ്സിൽ നിന്നായി 235 റൺസ് നേടിയ ഹർമൻ പ്രീത് കൗറാണ് മുംബൈയുടെ കരുത്ത്. 132 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ ശബ്നം ഇസ്മാഈലിലാണ് ബൗളിംഗിൽ പ്രതീക്ഷയുള്ളത്. ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ ബാറ്റിങ്ങും (259) ഓസീസ് താരം എലിസ് പെറിയുടെ ഓൾറൗണ്ട് പ്രകടനവും (246 റൺസ്, 6 വിക്കറ്റ്) സീസണിലെ ബാംഗ്ലൂരിന്റെ കുതിപ്പിൽ നിർണായകമായി.