തിരുവനന്തപുരം: ഡോൺബോസ്കോ എന്ന ഇ മെയിൽ വിലാസത്തിനു പിന്നിൽ ആര്യ തന്നെയെന്ന് പൊലീസ് നിഗമനം. ഡോൺബോസ്കോ എന്ന മെയിൽ ഐഡി നവീൻ തോമസ് ഉണ്ടാക്കിയ വ്യാജ ഐഡിയാണെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാൽ ഇപ്പോൾ സ്വന്തമായി ഇമെയിൽ വിലാസമുണ്ടാക്കി അതിൽ നിന്നു തനിക്കു തന്നെ ആര്യ ഇമെയിലുകൾ അയച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്.
ഡോൺബോസ്കോ എന്ന ഇമെയിൽ ഐഡിയിൽ നിന്ന് അന്യഗ്രഹജീവികളെക്കുറിച്ചുള്ള പരാമർശങ്ങളടങ്ങുന്ന സന്ദേശങ്ങൾ ആര്യയ്ക്കു വന്നിരുന്നു. അസാധാരണമായ ചില വിശ്വാസരീതികളെപ്പറ്റിയുള്ള ആശയവിനിമയത്തിനാണ് വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. അന്യഗ്രഹ ജീവിതമെന്ന സങ്കൽപം ആദ്യം പങ്കുവച്ചത് നവീൻ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒരു വൈദികനടക്കം അഞ്ച് സുഹൃത്തുക്കളെ തന്റെ വിചിത്ര ചിന്തകളുടെ ഭാഗമാക്കാൻ നവീൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. അരുണാചൽ പ്രദേശിലെ ഗ്രാമങ്ങളിലെത്തി മൂവരും ധ്യാനത്തിൽ പങ്കെടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു. സ്വന്തമായി തന്നെ സംസാരിക്കുന്ന അവസ്ഥ ചിലർ ഉണ്ടാക്കുന്ന പതിവുണ്ടെന്നും ഇത്തരം മാനസികാവസ്ഥയുണ്ടാകാമെന്നും ചില മാനസികാരോഗ്യവിദഗ്ധർ സ്ഥിരീകരിച്ചുവെന്നും പൊലീസ് പറയുന്നു. സുഹൃത്തിന് ഇതിൽ നിന്ന് ആര്യ ഒരിക്കൽ മെയിൽ അയച്ചുവെന്നും പൊലീസ് കണ്ടെത്തി.