ഇറ്റാനഗര്‍: മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലുള്ള ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. കോട്ടയം മീനടം സ്വദേശികളായ നവീന്‍ ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ വട്ടിയൂർകാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.ദേഹത്ത് മുറിവുകള്‍ വരുത്തി രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സന്തോഷകരമായി നമ്മള് ജീവിച്ചു ഇനി പോവുകയാണ് എന്നാണ് കുറിപ്പിലുള്ളത്.തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു മരിച്ച ആര്യ. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് വട്ടിയൂര്‍കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.ഇതിനിടെ ഇതേ സ്കൂളില്‍ ആര്യയൊടൊപ്പം നേരത്തേ പഠിപ്പിച്ചിരുന്ന ദേവിയെയും ഭര്‍ത്താവിനെയും കാണാതായ വിവരം പോലീസിന് കിട്ടി. ഇവര്‍ മൂവരും ഒരുമിച്ച് വിമാനത്തില്‍ ഗോഹട്ടിയിലേക്ക് പോയതായി പിന്നീട് വിവരം ലഭിച്ചിരുന്നു.
അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇറ്റാനഗറില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനും ദേവിയും ടൂര്‍ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. അതിനാല്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല.മാർച്ച് 17 നാണ് നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാർച്ച് 28 നാണ് ഇവര്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും.
13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം.മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവര്‍ പിതാവിനോട് പറഞ്ഞത്. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്.
ഇവര്‍ മരിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുണ്ടെന്ന് ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.