കൊച്ചി : എന്നും ഓർത്തിരിക്കാനുള്ള ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച് വിടപറഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖിൻ്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ ഉണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി എന്നാണ് മമ്മൂട്ടി കുറിച്ചത്. അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ് എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
“അങ്ങ് സമ്മാനിച്ച ചിരിയുടെ നിമിഷങ്ങൾ എന്നും നിലനിൽക്കും. എന്റെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാൾക്ക് വിട” എന്നാണ് നടി മഞ്ജു വാര്യർ കുറിച്ചത്. സിദ്ദിഖിന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ കഴിയാഞ്ഞതിന്റെ സങ്കടം പങ്കുവച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ കുറിപ്പ്. നല്ല ഓർമ്മകൾക്ക് നന്ദി കുറിച്ച് ഫഹദ് ഫാസിലും അളക്കാൻ കഴിയാത്ത നഷ്ടമെന്ന് വിശേഷിപ്പിച്ച് ദുൽഖർ സൽമാനും സിദ്ദിഖിനെക്കുറിച്ചെഴുതി. താരങ്ങളായ ജയറാം, സുരേഷ് ഗോപി, പൃഥ്വിരാജ്, സുരഭി ലക്ഷ്മി, ടൊവിനോ, ദിലീപ്, ശ്രിന്ദ, മീര നന്ദൻ എന്നിവരും ആദരാഞ്ജലി നേർന്നു.