പത്മരാജന്റെ അമൃതേത്ത് എന്ന കഥയെ ആസ്പദമാക്കി പുതുമുഖ സംവിധായകൻ നവാസ് അലി ഒരുക്കിയ പ്രാവ് സിനിമക്ക് മികച്ച പ്രതികരണം. സൗഹൃദങ്ങളുടെ ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, സാബു മോൻ, മനോജ്, പി ആർ രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
നേരിൽ കാണാതെ മനസിൽ തോന്നിയ പെൺകുട്ടിയുടെ മുഖം വരയ്ക്കുന്ന ചിത്രകാരനും വിദ്യാർത്ഥിയുമാണ് സിനിമയിലെ കഥാനായകൻ. അയാൾ വരച്ച ചിത്രത്തിലെ യഥാർത്ഥ പെൺകുട്ടിയാണ് നായികയായി കടന്നു വരുന്നത്.സിനിമ കാണുന്ന പ്രേക്ഷകന്റെ മനസിനെ ഓരോ നിമിഷവും വല്ലാതെ പിടിച്ചുലക്കുന്ന നിരവധി മുഹൂർത്തങ്ങളാണ് പ്രാവ് എന്ന സിനിമയുടെ പ്രത്യേകത. നാല് സുഹൃത്തുക്കളുടെ സ്നേഹത്തിനും അവരിൽ ഒരാളുടെ പ്രണയത്തിനും മുൻതൂക്കം കൊടുത്തു കൊണ്ടുള്ള പ്രാവ് ആദ്യകാഴ്ചയിൽ തന്നെ ഫീൽ ഗുഡ് അനുഭവം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ആ കഥയോട് നീതി പുലർത്തുന്ന രീതിയിൽ തന്നെ നവാസ് അലി പ്രാവിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ബിജി ബാലിന്റെ സംഗീതവും ബി.കെ. ഹരിനാരായണന്റെ വരികളും പ്രാവിനെ മനോഹരമാക്കുന്നുണ്ട്.സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് പ്രാവ് നിർമിച്ചിരിക്കുന്നത്. കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖറിന്റെ വേഫേറെർ ഫിലിംസ് ആണ്.