മുംബൈ : വിവാഹമോചിതയായ മുസ്ലിം സ്ത്രീ പുനര്‍വിവാഹിതയാണെങ്കിലും മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിനുള്ള അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് രാജേഷ് പാട്ടീലിന്റേതാണ് ഉത്തവ്.
വിവാഹിതയായ സ്ത്രീ വിവാഹമോചനം നേടുമ്പോള്‍ ജീവനാംശത്തിന്റെ സംരക്ഷണം നിരുപാധികമാണെന്നും കോടതി പറഞ്ഞു. പുനര്‍വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഭാര്യക്ക് ലഭിക്കേണ്ട സംരക്ഷണം പരിമിതപ്പെടുത്താന്‍ നിയമം ഒരിടത്തും പരാമര്‍ശിക്കുന്നില്ല. വിവാഹമോചിതയായ സ്ത്രീക്ക് ന്യായമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജീവനാംശത്തിന് അര്‍ഹതയുണ്ട് എന്നതാണ് നിയമത്തിന്റെ സാരം.
കീഴ്ക്കോടതി വിധി മെയിന്റനന്‍സ് ഉത്തരവിനെ ചോദ്യം ചെയ്ത് നല്കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി വിധി. 2005ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ടായിരുന്നു. 2008ലാണ് വിവാഹമോചനത്തിന് ഭര്‍ത്താവ് ഹര്‍ജി സമര്‍പ്പിച്ചത്. 2012ല്‍ ജീവനാംശത്തിനുള്ള ഹര്‍ജിയും ഫയല്‍ ചെയ്തു. 4,32,000 രൂപ 2 മാസത്തിനുള്ളില്‍ ഭാര്യക്ക് നല്‍കാനാണ് കുടുംബ കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് ഹര്ജിക്കാരന് സെഷന്‍സ് കോടതിയെ സമീപിച്ചത്. 2017-ല്‍ സെഷന്‍സ് കോടതി ഈ അപ്പീല്‍ തള്ളി. ഹരജിക്കാരന് 2 മാസത്തിനുള്ളില്‍ നല്‍കേണ്ട മെയിന്റനന്‍സ് തുക 9 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു. അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, തുക പൂര്‍ണ്ണമായും അടയ്ക്കുന്നതുവരെ പ്രതിവര്‍ഷം 8% പലിശ നല്‍കാനും ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ യുവതി 2018ല്‍ വീണ്ടും വിവാഹം കഴിച്ചു. പുനര്‍വിവാഹം കഴിച്ചതിന്റെ അടിസ്ഥാനത്തില്‍ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു മുന്‍ ഭര്‍ത്താവിന്റെ ആവശ്യം. ഇതാണ് ഹൈക്കോടതി തള്ളിയത്.