ന്യൂഡല്‍ഹി : തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ പരാതിയുമായി അവരുടെ മുന്‍ പങ്കാളിയും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹദ്രായ്. മഹുവ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നു വ്യക്തമാക്കി ആനന്ദ് ഡല്‍ഹി പൊലീസില്‍ എംപിക്കെതിരെ പരാതി നല്കി.
അനുവാദമില്ലാതെ മഹുവ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. വീട്ടിലുണ്ടായിരുന്ന ജീവനക്കാരെ അവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
അഞ്ച്, ആറ് തീയതികളിലാണ് അവര്‍ വീട്ടിലേക്ക് വന്നത്. തനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസ് കൊടുക്കുക ലക്ഷ്യമിട്ട് തന്റെ വീട്ടിലേക്ക് വന്നതാണെന്നും പരാതിയിലുണ്ട്.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമെതിരെ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍ നിന്ന് പണവും വില കൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരെ ആരോപണം. പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ചാണ് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കിയത്.