കൊച്ചി : ആലുവ ശിവരാത്രിയോട് അനുബന്ധിച്ച് 26നു വൈകീട്ട് 4 മുതല്‍ 27നു ഉച്ചയ്ക്ക് 2 വരെ ആലുവയില്‍ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ 12 ഡിവൈഎസ്പിമാരും 30 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്തി പൊലീസിനെ നിയോഗിക്കും.
മണപ്പുറത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി ടൗണ്‍ ഹാളിനു സമീപവും താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് ഉണ്ടാകും. 26നു രാത്രി 8 മുതല്‍ പാലസ് റോഡില്‍ ബാങ്ക് കവല മുതല്‍ മഹാത്മാഗാന്ധി ടൗണ്‍ ഹാള്‍ വരെ വാഹന ഗതാഗതം നിരോധിച്ചു.
തോട്ടയ്ക്കാട്ടുകര ജംഗ്ഷനില്‍ നിന്നു മണപ്പുറത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല. ഹൈവേകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോഡ് സൈഡില്‍ വാഹന പാര്‍ക്കിങ് നിരോധിച്ചു. ആലുവ പാലസിനു സമീപം കൊട്ടാരക്കടവില്‍ നിന്നു മണപ്പുറത്തേക്കു കടത്തുവഞ്ചി സര്‍വീസ് പാടില്ല. 26നു രാത്രി 10 മുതല്‍ പിറ്റേന്നു രാവിലെ 10 വരെ തൃശൂര്‍ ഭാഗത്തു നിന്നുള്ള ഹെവി വാഹനങ്ങള്‍ അങ്കമാലിയില്‍ നിന്നു തിരിഞ്ഞ് എംസി റോഡിലൂടെ പോകണം. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള ഹെവി വാഹനങ്ങള്‍ കളമശേരിയില്‍ തിരിഞ്ഞു കണ്ടെയ്നര്‍ റോഡ് വഴി അത്താണി ജംഗ്ഷനിലൂടെ പോകണം.