മുംബൈ : കൊറിയന്‍ വ്ലോഗറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൂനെ സ്വദേശിയാണ് അറസ്റ്റിലായത്. പൂനെയിലെത്തിയ വ്ലോഗര്‍ക്കു നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.
ദക്ഷിണ കൊറിയന്‍ വ്ലോഗര്‍ കെല്ലിക്കെതിരെയാണ് അതിക്രമം ഉണ്ടായത്. കഴിഞ്ഞ നവംബറില്‍ ദീപാവലി സമയത്ത് പൂണെ പിംപിരി ചിഞ്ചുവാഡ് മേഖലയിലെ ചന്തയില്‍ വീഡിയോ ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം.
പൂനയിലെ വഴിക്കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ ഇളനീര് കുടിച്ച് കൊണ്ട് പ്രദേശവാസികളുമായി സംസാരിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ യുവതിയുടെ സമീപത്തേക്ക് എത്തുകയായിരുന്നു. അതിലൊരാള്‍ വ്ലോഗറിന്റെ കഴുത്തിലൂടെ കൈയിട്ട് അനുചിതമായി സ്പര്‍ശിക്കുന്നതും തുടര്‍ന്ന് യുവതി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഒപ്പമുണ്ടായിരുന്ന യുവാവിനോട് അകലം പാലിച്ച് നില്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരില്‍നിന്നു സമയോചിതമായി രക്ഷപ്പെട്ട കെല്ലി ‘എനിക്ക് ഇവിടെ നിന്നും ഓടിപോകേണ്ടിവരും’ എന്നാണ് പ്രതികരിച്ചത്. അവര്‍ തന്നെ ആലിംഗനം ചെയ്യുന്നതിനായാണ് വന്നതെന്നും വ്ലോഗര്‍ പറയുന്നു
സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പ്രതിയെ പിടികൂടിയത്. ഈ സംഭവത്തിന് സമാനമായി കഴിഞ്ഞവര്‍ഷവും ദക്ഷിണ കൊറിയന്‍ വ്ലോഗറെ ശല്യം ചെയ്തതിന് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.