മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സർക്കാർ. ഛത്രപതി സംഭാജി നഗർ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്. മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നായാണ് മാറ്റിയിരിക്കുന്നത്. ഇവ രണ്ടും മറാത്ത മേഖലയിലുള്ള ജില്ലകളാണ്.
ഇതുസംബന്ധിച്ച വിജ്ഞാപനം റവന്യൂ വകുപ്പ് പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച് ഉത്തരവിറക്കാൻ നിർദേശിച്ചത്.മുൻപ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ ഈ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു.പിന്നീടെത്തിയ ഷിൻഡെ സർക്കാരും ഇത് തിരുത്താൻ തയാറായില്ല. എന്നാൽ തീരുമാനത്തെ എതിർത്ത് ഹൈക്കോടതിയിൽ ഹർജി വന്നതോടെ തീരുമാനം നീളുകയായിരുന്നു. അടുത്തിടെ ഹർജി കോടതി തള്ളിയതോടെയാണ് പേരുമാറ്റ നടപടികൾ വീണ്ടും തുടങ്ങിയത്. ഔറംഗസേബാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേര് നൽകിയത്. ഔറംഗാബാദിന് സംഭാജിയുടെ പേരു നൽകണമെന്നത് ശിവസേനയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു.