പാലക്കാട്: വ്യാജരേഖ കേസിൽ അറസ്റ്റിലായ വിദ്യ നൽകുന്നത് പറഞ്ഞുപഠിപ്പിച്ചതു പോലുള്ള ഉത്തരങ്ങളെന്ന് പൊലീസ് സംഘം . ഒളിവില്‍ പോയിട്ടില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യ നോട്ടീസ് കിട്ടിയിരുന്നെങ്കില്‍ ഹാജരാകുമായിരുന്നുവെന്നും പൊലീസിനോടു് പറയുന്നുണ്ട്. വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
മഹാരാജാസ് കോളജ് കേന്ദ്രീകരിച്ച് തനിക്കെതിരേ വന്‍ ഗൂഢാലോചന നടന്നെന്നാണ് വിദ്യയുടെ വാദം. അവിടുത്തെ ചില അധ്യാപകര്‍ ഗൂഢാലോചന നടത്തി. അതിന് തുടക്കമിട്ടത് അട്ടപ്പാടി പ്രിന്‍സിപ്പലാണെന്നും വിദ്യ പൊലീസിന് മൊഴി നൽകി. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് പൊലീസി ന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ ഒട്ടും പതറാതെയാണ് വിദ്യ മറുപടികള്‍ നല്‍കുന്നത്. വ്യാജ രേഖ നിര്‍മിച്ചിട്ടില്ലെന്ന മുന്‍ മൊഴികളില്‍ വിദ്യ ഉറച്ച് നില്‍ക്കുകയാണ്.പറഞ്ഞു പഠിപ്പിച്ചപോലെയുളള പ്രതികരണമാണിതെന്നാണു പൊലീസ് സംശയം.
ബയോഡാറ്റയിലെ “മഹാരാജാസ്’ പരാമര്‍ശം കൈപ്പിഴയെന്ന് പൊലീസി നോടും വിദ്യ ആവര്‍ത്തിച്ചു. അട്ടപ്പാടി കോളജിലെ മുഖാമുഖത്തില്‍ മഹാരാജാസ് കോളജിന്റെ പേരില്‍ താന്‍ സമര്‍പ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സര്‍ട്ടിഫിക്കറ്റ് കോളജ് പ്രിന്‍സിപ്പലിന് മറ്റാരോ കൈമാറിയതെന്ന് വിദ്യ മൊഴിനല്‍കി.ഇത് തന്റെ തലയിലാക്കി. ഫയലില്‍ സൂക്ഷിച്ച് വിവാദങ്ങളുണ്ടാക്കാന്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. മഹാരാജാസ് കോളജിലെ അധ്യാപകരില്‍ ചിലരുടെ പ്രേരണയില്‍ അട്ടപ്പാടി പ്രിന്‍സിപ്പല്‍ താന്‍ വ്യാജരേഖ സമര്‍പ്പിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു.
പ്രിന്‍സിപ്പലിനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചാല്‍ തനിക്കെതിരായ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും വിദ്യ പറഞ്ഞു. അട്ടപ്പാടിയിലെ വിവാദത്തിന് പിന്നാലെ കരിന്തളത്തും താന്‍ വ്യാജരേഖ സമര്‍പ്പിച്ചു എന്ന് ബോധപൂര്‍വം പ്രചരിപ്പിച്ചു.മഹാരാജാസിന്റെ പേരിലുള്ള അധ്യാപന പരിശീലന സര്‍ട്ടിഫിക്കറ്റ് താന്‍ കരിന്തളത്ത് സമര്‍പ്പിച്ചിട്ടില്ല. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാല്‍ ആണ് ഫോണുകള്‍ ബോധപൂര്‍വം നിശ്ചലമാക്കിയത്.
സുഹൃത്തുക്കളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്കിയ പിന്തുണയാണ് തന്നെയും കുടുംബത്തെയും തകര്‍ന്നുപോയ സാഹചര്യത്തില്‍ നിലനിര്‍ത്തിയത്. നോട്ടീസ് ലഭിച്ചിരുന്നുവെങ്കില്‍ താന്‍ നേരിട്ട് നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുമായിരുന്നുവെന്നും വിദ്യ മൊഴി നല്കി. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ഇതിനുശേഷം വിദ്യയെ കോടതിയില്‍ ഹാജരാക്കും.