പാലക്കാട് : അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നേടാൻ വിദ്യയ്ക്കൊപ്പം അഭിമുഖത്തിനെത്തിയത് ആരെന്ന് തിരയാൻ അഗളി പൊലീസ് നീക്കം. അട്ടപ്പാടിയിൽ ആരെങ്കിലും വിദ്യയെ സഹായിച്ചിരുന്നോ എന്നും അന്വേഷണം ഉണ്ടാക്കും. അഗളി സിഐ സലീമിൻ്റെ നേതൃത്വത്തിലാണ് അട്ടപ്പാടി കോളേജിലും മറ്റും പരിശോധന നടത്തുക .
കേസുമായി ബന്ധപ്പെട്ട് വിദ്യയുടെ ഫോൺ രേഖകൾ പൊലീസ് പരിശോധിക്കുകയാണ്. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് സംശയിക്കുന്ന തീയതിക്ക് മുൻപുള്ള ദിവസങ്ങളിലെ ഫോൺ കോളുകളാവും പൊലീസ് പരിശോധിക്കുക. അതിനിടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി .
അതേസമയം, അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാജാസ് കോളേജിൽ പരിശോധന നടത്തും. തൃക്കരിപ്പൂരിലെ കെ വിദ്യയുടെ വീട്ടിൽ ശനിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. അഗളി പൊലീസ് അന്വേഷണം നടത്തുന്ന കേസിലാണ് സിഐ യുടെ നേതൃത്വത്തിൽ പരിശോധനക്കെത്തിയത്.ഒന്നരമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ വീട്ടിൽ നിന്ന് രേഖകളൊന്നും പൊലീസിന് കണ്ടെത്താനായിരുന്നില്ല.