ചെന്നൈ : ഹാസ്യതാരം കുനാല്‍ കമ്രയ്ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. യുട്യൂബ് വിഡിയോയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെക്കെതിരേ പരാമര്‍ശം നടത്തിയതിന് കുനാല്‍ കമ്രയുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു.
പിന്നാലെയാണ് താരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി കുനാലിന് ഏപ്രില്‍ ഏഴ് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അതുവരെ താരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് സുന്ദര്‍ മോഹന്റെ ബെഞ്ച് വ്യക്തമാക്കി
ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ മഹാരാഷ്ട്ര കോടതിയെ സമീപിക്കാന്‍ സാധിക്കില്ലെന്നും കുനാല്‍ ഹരജിയില്‍ പറഞ്ഞു. 2021 മുതല്‍ താന്‍ ചെന്നൈയിലേക്ക് താമസം മാറിയെന്നും അന്ന് മുതല്‍ താന്‍ തമിഴ്നാട് സംസ്ഥാനത്തെ താമസക്കാരനാണെന്നും ഹരജിയില്‍ കുനാല്‍ വ്യക്തമാക്കി. മുംബൈ പൊലീസിന്റെ അറസ്റ്റ് ഭയന്നാണ് ഹരജിയെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് കുനാലിന് മുംബൈയിലെ ഖാര് പൊലീസ് രണ്ട് തവണ സമന്‍സ് അയച്ചിരുന്നു.
യുട്യൂബ് വിഡിയോയില്‍ ഹിന്ദി ചലച്ചിത്രമായ ‘ദില്‍ തോ പാഗല്‍ ഹേ’യുടെ പാരഡി അവതരണത്തിലൂടെ ഏക്നാഥ് ഷിന്‍ഡെയെ കളിയാക്കുകയും ചതിയന്‍ ആണെന്ന് പരാമര്‍ശിക്കുകയുമായിരുന്നു. ഷിന്‍ഡെയോടു മാപ്പു പറയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കുനാല്‍ അത് തള്ളിയിരുന്നു. താന്‍ ജനക്കൂട്ടത്തെ ഭയക്കുന്നില്ലെന്നും മാപ്പ് പറയില്ലെന്നും എക്സിലൂടെ അദ്ദേഹം പ്രതികരിച്ചിരുന്നു.