ഭോപ്പാൽ: മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്-ഭോജ്ശാല ക്ഷേത്ര സമുച്ചയത്തിൽ പുരാവസ്തു സർവേയ്ക്ക് അനുമതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ)യുടെ പരിശോധനയ്ക്ക് പച്ചക്കൊടി കാട്ടിയത്. ധാർ ജില്ലയിലാണ് 11-ാം നൂറ്റാണ്ടിൽ നിർമിച്ചതെന്നു കരുതപ്പെടുന്ന കമാൽ മൗല പള്ളിയും ക്ഷേത്രവും ഉൾപ്പെടുന്ന സമുച്ചയം സ്ഥിതി ചെയ്യുന്നത്.
ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, ദേവനാരായൺ മിശ്ര എന്നിവർ അംഗങ്ങളായ ഇൻഡോർ ബെഞ്ചിന്റേതാണു വിധി. സമുച്ചയത്തിൽ ശാസ്ത്രീയ പരിശോധനയും ഉദ്ഖനനവും നടത്താനാണ് ഹൈക്കോടതി അനുമതി നൽകിയത്. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് എ.എസ്.ഐയ്ക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടിസ് നൽകിയിട്ടുണ്ട്. കേസ് ഏപ്രിൽ 29നു വീണ്ടും പരിഗണിക്കും.
ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്നു വാദിച്ച് കഴിഞ്ഞ വർഷമാണ് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് മധ്യപ്രദേശ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഭോജ്ശാലയിൽ ദിവസവും പ്രാർഥന നടത്തുന്നത് 2003ൽ എ.എസ്.ഐ വിലക്കിയിരുന്നു. ഇതു ചോദ്യംചെയ്താണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. കമാല്‍ മൗല പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥന തടണമെന്നും ആവശ്യമുണ്ട്.
ഭോജ്ശാല നിലവിൽ എ.എസ്.ഐ മേൽനോട്ടത്തിലാണുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം പൂർണമായി സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. 2003ലെ എ.എസ്.ഐ ഉത്തരവ് പ്രകാരം ഇവിടെ എല്ലാ ചൊവ്വാഴ്ചയും പൂജ നടക്കുന്നുണ്ട്. ഇതിനോടു ചേർന്നുള്ള കമാൽ മൗല മസ്ജിദിൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരവും നടക്കുന്നുണ്ട്. എന്നാൽ, ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ധാറിലെ ഖാദി വഖാർ സാദിഖ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി മുസ്ലിം സമുദായത്തിന് അംഗീകരിക്കാനാകില്ല. ഇതിനെതിരെ കമാൽ മൗല മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ ഹരജി നൽകുമെന്നും അദ്ദേഹം അറിയിച്ചു.