ഭോപ്പാല്‍: നിയസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്ത നേതാക്കള്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ തടഞ്ഞു.മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ കൈയേറ്റം ചെയ്തു.
ശനിയാഴ്ച ജബല്‍പുരിലാണ് സംഭവം. ജബല്‍പൂര്‍ നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.കേന്ദ്രമന്ത്രിയെ പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.കസേരയിലേക്കു വീണ ഉദ്യോഗസ്ഥന് അരയിലുള്ള തോക്ക് എടുക്കാന്‍ ശ്രമിക്കുന്നതും മറ്റു നേതാക്കള്‍ അദ്ദേഹത്തെ അനുനയിപ്പിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. മധ്യപ്രദേശില്‍ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല ഭൂപേന്ദ്ര യാദവിനാണ്. മന്ത്രിയെ തടഞ്ഞ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.