ന്യൂഡല്‍ഹി : നാല് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയാണ് മുന്നിട്ട് നല്‍കുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.
2024 ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കരുതുന്ന തെരഞ്ഞെടുപ്പ് ആര്‍ക്ക് അനുകൂലമാകുമെന്ന കാര്യം രാവിലെ പത്തുമണിയോട് കൂടി ഏറെക്കുറെ വ്യക്തമാകും. രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ ഒമ്പത് മണിയോടെ അറിയാനാകും.
മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്കും തെലങ്കാനയില്‍ 119 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച തേടുമ്പോള്‍ ബിജെപി ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. മധ്യപ്രദേശിലാകട്ടെ ബി ജെ പി അധികാരത്തുടര്‍ച്ച തേടുമ്പോള്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. തെലങ്കാനയിലാകട്ടെ ബിആര്‍എസിന്റെ ഭരണം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ അധികാരം നിലനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറയുന്നത്. വലിയ മുന്നേറ്റം തെലങ്കാനയില്‍ ഉണ്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.
തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് എക്സിറ്റ് പോളുകള്‍ മൂന്‍തൂക്കം നല്‍കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും മുന്‍തൂക്കം നല്കുന്നു. എന്നാല്‍ ഈ നാല് സംസ്ഥാനങ്ങളിലും പോരാട്ടം കടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.