ഭോപ്പാല്‍ : മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പന് കേവലം മൂന്നുമാസം ബാക്കി നില്‍ക്കേ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. ഗൗരിശങ്കര്‍ ബൈസന്‍, രാജേന്ദ്ര ശുക്ള, രാഹുല്‍ ലോധി എന്നിവരാണ് പുതിയ മന്ത്രിമാര്‍.
ഭോപ്പാലിലെ രാജ്ഭവനില്‍ രാവിലെ ഒമ്പതിന് ഗവര്‍ണര്‍ മംഗു ഭായ് പട്ടേല്‍ ഇവര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു. ഇതോടെ ശിവരാജ് സിംഗ് ചൗഹാന് മന്ത്രിസഭയുടെ അംഗബലം 34 ആയി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉമാഭാരതിയുടെ അനന്തരവനാണ് രാഹുല്‍ ലോധി.
മന്ത്രിസഭാ വികസനത്തിലൂടെ സംസ്ഥാനത്തെ ജാതി-പ്രാദേശിക സമവാക്യങ്ങള്‍ തുലനം ചെയ്യാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ലോധി സമുദായത്തില്‍ നിന്ന് ഒരു മന്ത്രി പോലും ഇല്ലാത്തതില്‍ വിമര്‍ശനവുമായി ഉമാ ഭാരതി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.
രാഹൂല്‍ ലോധിയും ഗൗരിശങ്കര്‍ ബൈസനും ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കന്മാരാണ്. സംസ്ഥാനത്ത് 45 ശതമാനത്തോളം വരുന്ന ഒബിസി വിഭാഗക്കാരെയാണ് ബിജെപി ഈ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
അതേസമയം, മന്ത്രിസഭ പുനഃസംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്തെത്തി. ഇത് മന്ത്രിസഭയല്ല അഴിമതിസഭയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.