കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മഅദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ മെഡിക്കല്‍ സംഘം. അദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്.റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി.
കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മഅദനിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്.ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅദനി ജൂണ്‍ 26നാണ് കൊച്ചിയിലെത്തിയത്. വിചാരണ തടവുകാരനായ മഅദനിക്ക് 12 ദിവസത്തേക്കാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിയ മഅദനിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.