തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ താരവും തമിഴ്നാട് രഞ്ജി ടീം പരിശീലകനുമായ എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്. മുന്‍ ഇന്ത്യന്‍ താരവും കേരള പേസ് ബൗളറുമായ ടിനു യോഹന്നാന്റെ പകരക്കാരനായാണ് വെങ്കടരമണയെ തിരഞ്ഞെടുത്തത്. 2023-24 സീസണിലെ രഞ്ജി ടീമിനെ വെങ്കടരമണ പരിശീലിപ്പിക്കും.
മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നറാണ് വെങ്കടരമണ. ഇന്ത്യക്കായി ഒരു ടെസ്റ്റും ഒരു ഏകദിന മത്സരവും കളിച്ചിട്ടുണ്ട്. 2021 മുതല്‍ 23 വരെയാണ് തമിഴ്നാടിനെ പരിശീലിപ്പിച്ചത്. നേരത്തെ ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖലയുടെ പരിശീലകനായിരുന്നു വെങ്കടരമണം. അദ്ദേഹത്തിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷം ടീം ദുലീപ് ട്രോഫിയില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ മാസം 15 മുതല്‍ തുടങ്ങുന്ന ബുചി ബാബു ടൂര്‍ണമെന്റായിരിക്കും കേരള പരിശീലകനെന്ന നിലയിലെ അദ്ദേഹത്തിന്റെ ആദ്യ പോരാട്ടം.