കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെത്തും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് തുടങ്ങിയവരും പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ എത്തുമെന്ന് അറിയിച്ചിരുന്നു.
ഉമ്മൻചാണ്ടിയുടെ മരണവാർത്ത അറിഞ്ഞ ഉടനെ തന്നെ ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനിടയിൽ രാഹുൽ ഗാന്ധിയും സ്റ്റാലിനും അടക്കമുള്ളവർ അവിടെ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നര മണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി തിരുനക്കരയിലെത്തേണ്ട വിലാപയാത്ര നിലവിൽ ചങ്ങനാശ്ശേരിയിൽ മാത്രമേ എത്തിയിട്ടുള്ളൂ എന്നതിനാൽ സംസ്കാരച്ചടങ്ങുകൾ വൈകിയേക്കും. യാത്രയുടെ ഓരോ മിനുട്ടിലും ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ വലിയ ജനക്കൂട്ടമാണ് കാത്തുനിൽക്കുന്നത്. ഇത് മൂലം നിശ്ചയിച്ചതിലും വളരെ വൈകിയാണ് വിലാപയാത്ര പല സ്ഥലങ്ങളിലൂടെയും കടന്നുപോകുന്നത്.
ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷകൾ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലാണ് നടക്കുക. സഭയിലെ മെത്രാപ്പോലീത്തന്മാർ സഹകാർമ്മികർ ആയിരിക്കും. സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക.