ചെന്നൈ : തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ തമിഴ്നാട്ടിലെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്ന് മനപ്പൂര്‍വം ദ്രാവിഡ എന്ന പദം ഒഴിവാക്കിയെന്നാരോപിച്ച് തുടങ്ങിയ പോര് തുടരുകയാണ്.തനിക്കെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് സ്റ്റാലിന് രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി നല്കി. ഗവര്‍ണര്‍ രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചു. തമിഴ്നാടിനോട് സ്നേഹമുണ്ടായിരുന്നുവെങ്കില്‍ വേദിയില്‍ വച്ച് തന്നെ ഗാനം ശരിയായി പാടാന്‍ ആവശ്യപ്പെടണമായിരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
തമിഴിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയും സ്റ്റാലിന് വിവരിക്കുന്നുണ്ട്. ഗവര്‍ണറെ കേന്ദ്രസര്‍ക്കാര്‍ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ആവശ്യപ്പെട്ടു. നികുതി തടയുന്നതിലൂടെ ദ്രാവിഡരുടെ വീര്യം കുറയ്ക്കാന്‍ ആകില്ലെന്നും ഉദയനിധി തുടന്നടിച്ചു. വിഷയത്തില്‍ എഐഎഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. സംസ്ഥാന ബിജെപി നേതാക്കളും കരുതലോടെയാണ് പ്രതികരിക്കുന്നത്.