ലക്നൗ: നായകൻ കെ.എൽ.രാഹുലും ക്വിന്റൻ ഡികോക്കും അർധ സെഞ്ചറി നേടിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് അനായാസ ജയം. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കേ ലക്നൗ മറികടന്നു. 8 വിക്കറ്റിനാണ് എൽഎസ്ജി ജയം സ്വന്തമാക്കിയത്. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ് – 20 ഓവറിൽ 6ന് 176, ലക്നൗ സൂപ്പർ ജയന്റ്സ് – 19 ഓവറിൽ 2ന് 180.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കായി 40 പന്തിൽ 5 ഫോറും 1 സിക്സും സഹിതം 57 റൺസ് നേടിയ ജഡേജയാണ് തിളങ്ങിയത്. അജിങ്ക്യ രഹാനെ 24 പന്തിൽ 36, എം.എസ്.ധോണി 9 പന്തുകളിൽ 3 ഫോറും 2 സിക്സും സഹിതം 28 റൺസ് എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. എൽഎസ്ജിക്കു വേണ്ടി ക്രുണാൽ പാണ്ഡ്യ 2 വിക്കറ്റു വീഴ്ത്തി. മൊഹ്സിൻ ഖാൻ, യഷ് ഠാക്കൂർ, രവി ബിഷ്ണോയ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റു വീതം പിഴുതു.
മറുപടി ബാറ്റിങ്ങില് ഡികോക്കും രാഹുലും ചേർന്ന് മികച്ച തുടക്കമാണ് എൽഎസ്ജിക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 134 റൺസാണ് കൂട്ടിച്ചേർത്തത്. 43 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതം 54 റൺസ് നേടിയ ഡികോക്ക് 15–ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. തകർത്തടിച്ച രാഹുൽ 53 പന്തിൽ 82 റൺസ് നേടിയാണ് പുറത്തായത്. നിക്കോളസ് പുരാൻ 12 പന്തിൽ 23 റൺസും, മാർക്കസ് സ്റ്റോയിനിസ് 7 പന്തിൽ 8 റൺസുമായി പുറത്താകാതെ നിന്നു. പോയിന്റ് പട്ടികയിൽ ചെന്നൈ മൂന്നാമതും ലക്നൗ അഞ്ചാമതുമാണ്.