ചെന്നൈ: ചെപ്പോക്കിൽ ചെന്നൈ തകർത്താടിയപ്പോൾ ലക്നൗവിന്റെ മറുപടി മാർകസ് സ്റ്റോയിനിസിലൂടെ. ചെപ്പോക്കിലെ ഏറ്റവും വലിയ റൺചേസ് സ്വന്തമാക്കിയ ലക്നൗ നേടിയത് ആറ് വിക്കറ്റിന്റെ ആവേശ ജയം. സ്റ്റോയിനിസിന്റെ ഒറ്റയാൾ പ്രകടനമാണ് കെഎൽ രാഹുലിനും സംഘത്തിനും അഞ്ചാം ജയം സ്വന്തമാക്കാൻ സഹായിച്ചത്. 63 പന്തിൽ 124 റൺസാണു സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. 6 സിക്സും 13 ഫോറും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സ്കോർ: ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ്. ലക്നൗ: 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 213.
60 പന്തിൽനിന്ന് 108 റൺസുമായി പുറത്താകാതെ നിന്ന ഗെയ്ക്വാദാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. 27 പന്തിൽനിന്ന് 66 റൺസുമായി ശിവം ദുബെ ക്യാപ്റ്റനു പിന്തുണ നൽകി. ലക്നൗ നിരയിൽ നിക്കോളാസ് പുരാൻ (34), ദീപക് ഹൂഡ (17), കെ.എൽ.രാഹുൽ (16), ദേവദത്ത് പടിക്കൽ (13) എന്നിവരാണ് മറ്റ് സ്കോറർമാർ. ഡി കോക്ക് പൂജ്യത്തിന് പുറത്തായി. മുസ്തഫിസുർ റഹ്മാനും ഷർദുൽ ഠാക്കൂറും റൺ വഴങ്ങിയതാണ് ചെന്നൈക്ക് തിരിച്ചടിയായത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ചെന്നൈ ലക്നൗവിനോട് തോൽക്കുന്നത്.