തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ഡിവിഷനുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. ആകെ 3662 ഡിവിഷനാകും കോർപറേഷനിലും മുനിസിപ്പാലിറ്റികളിലുമായി ഉണ്ടാകുക. ആറു കോർപറേഷനുകളിലായി 421 ഡിവിഷനുണ്ടാകും. ഏഴു ഡിവിഷനാണ് വർധിച്ചത്. 414 ആണ് നിലവിലെ എണ്ണം. മൊത്തം 87 മുനിസിപ്പാലിറ്റിയിലെ 3113 ഡിവിഷനുകൾ ഇനി 3241 ആകും, വർധന 128. ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിജ്ഞാപനമിറക്കി.
കോർപറേഷൻ ഡിവിഷനിൽ 211 എണ്ണം വനിതാ സംവരണം. 26 ഡിവിഷൻ പട്ടികജാതിക്കാർക്കും 15 ഡിവിഷൻ പട്ടികജാതി വനിതകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റികളിൽ 1643 വാർഡുകളിലാണ് വനിതാ സംവരണം. പട്ടികജാതി– 236, പട്ടികജാതി വനിത– 122, പട്ടികവർഗം- 16, പട്ടികവർഗ വനിത- 7 എന്നിങ്ങനെയാണ് മറ്റു സംവരണ ഡിവിഷനുകൾ. പരവൂർ, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, പാലാ, ചങ്ങനാശേരി, ആലുവ, ചെർപ്പുളശേരി മുനിസിപ്പാലിറ്റികളിൽ ഡിവിഷൻ എണ്ണത്തിൽ വർധനയില്ല. ഇനി ഡിവിഷനുകളുടെയും വാർഡുകളുടെയും അതിർത്തി പുനർനിർണയിക്കും.
അതിർത്തി
പുനർനിർണയത്തിന് ‘ക്യു ഫീൽഡ്’
വാർഡുകളുടെ അതിർത്തി പുനർനിർണയിച്ച് ഡിജിറ്റൽ ഭൂപടം തയ്യാറാക്കാനും ആവശ്യമായ സാങ്കേതികസഹായം നൽകാനും നോഡൽ ഏജൻസിയായി ഇൻഫർമേഷൻ കേരള മിഷനെ (ഐകെഎം) ചുമതലപ്പെടുത്തി. ഐകെഎം തയ്യാറാക്കിയ ‘ക്യു ഫീൽഡ്’ ആപ്പാണ് ഇതിന് ഉപയോഗിക്കുക.