ന്യൂഡൽഹി : ജനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഡീസൽ- എക്സൈസ് തീരുവയ്ക്കൊപ്പം ഗാർഹിക പാചകവാതക വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.
നോൺ സബ്സിഡി വിഭാഗത്തിലുള്ള സിലിണ്ടറുകൾക്ക് 800 ൽനിന്ന് 850 രൂപയായും സബ്സിഡിയുള്ള ഉജ്വല സ്കീമിലെ സിലണ്ടറുകൾക്ക് 500ൽ നിന്ന് 550ഉം രൂപയുമായാണ് വർധന.
ഇന്ന് വൈകീട്ട് പെട്രോൾ- ഡീസൽ എക്സൈസ് തീരുവ കൂട്ടിയതിനു പിന്നാലെ ഇന്ധന വില വർധിക്കുമെന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ പെട്രോൾ- ഡീസൽ വിലവർധന ഉണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്സിങ് പുരി വാർത്താസമ്മേളനം വിളിച്ച് അറിയിച്ചു.
ഇതേ വാർത്താസമ്മേളനത്തിലാണ് ഗാർഹിക പാചകവാതക വില വർധിപ്പിച്ച വിവരം കേന്ദ്രമന്ത്രി പറഞ്ഞത്. ഇന്ധനത്തിന് രണ്ട് രൂപ എക്സൈസ് തീരുവ വർധിപ്പിച്ചതിലൂടെ പെട്രോൾ- ഡീസൽ വില വർധനയുണ്ടാകില്ലെങ്കിലും പാചകവാതക വില കൂട്ടിയതോടെ ജനത്തിന് കനത്ത പ്രഹരം നൽകുകയാണ് കേന്ദ്രം ചെയ്തതെന്ന വിമർശനം ശക്തമാണ്.