ഡെറാഡൂണ്‍ : റെയില്‍വേ ട്രാക്കില്‍ വീണ്ടും ഒഴിഞ്ഞ എല്‍പിജി സിലിണ്ടര്‍. ട്രാക്കില്‍ ലോക്കോ പൈലറ്റ് എല്‍പിജി സിലിണ്ടര്‍ കണ്ടതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സിലിണ്ടര്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചതിനെ തുടര്‍ന്ന് പാളം തെറ്റുന്നത് തടയുകയായിരുന്നു.
ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപം ഞായറാഴ്ച പുലര്‍ച്ചെ 6.35നാണ് സംഭവം. ലന്ദൗര, ദന്ധേര സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ ട്രാക്കിലാണ് ഒഴിഞ്ഞ എല്‍പിജി സിലിണ്ടര്‍ കണ്ടതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹിമാന്‍ഷു ഉപാധ്യായ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടര്‍ കാലിയാണെന്ന് സ്ഥിരീകരിച്ചത്. സിലിണ്ടര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റിനു ശേഷം രാജ്യവ്യാപകമായി ഇത്തരം 18 ശ്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാന്‍പൂരിലെ ട്രാക്കില്‍ എല്‍പിജി സിലിണ്ടര്‍ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം.