


തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളകാലി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതു ദുർബലമാകാൻ സാധ്യതയുണ്ട്.
നാളെ മധ്യ കിഴക്കൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. സെപ്റ്റംബർ 26- ഓടെ വടക്കൻ ആന്ധ്രാ – തെക്കൻ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് സെപ്റ്റംബർ 27 -ഓടെ വടക്കൻ ആന്ധ്രാ – തെക്കൻ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 25, 26, 27 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 05.30 വരെ കേരള തീരത്ത് 0.4 മുതൽ 1.2 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.1 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.