


തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഈ മാസത്തെ ആദ്യത്തെ ന്യൂനമര്‍ദ്ദമാണിത്. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ബുധനാഴ്ച മുതല്‍ കേരളത്തില്‍ മഴ വീണ്ടും സജീവമാകാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ 5.30ന് വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഒഡിഷയ്ക്ക് കുറുകെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടത്.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.