തിരുവനന്തപുരം: തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു അരികെ ന്യൂനമർദം രൂപപ്പെട്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശനിയാഴ്ച രാവിലയോടെ ചുഴിക്കാറ്റായി മാറാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ രാവിലെയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരത്തോടെ ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യുനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ശനിയാഴ്ച രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച രാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു അരികെ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി / മിന്നല്‍ / കാറ്റ് ( 30 40 km/hr) എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട മറ്റു സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.