ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മുന്നിലെത്തി. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂറോളം പിന്നിലായിരുന്ന ശേഷമാണ് കെജരിവാള്‍ ലീഡ് നേടുന്നത്. അതേസമയം കല്‍ക്കാജി മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുകയാണ്. ഒന്നര മണിക്കൂറിനു ശേഷം മുഖ്യമന്ത്രി അതിഷി മുന്നിലെത്തിയെങ്കിലും ബിജെപി ലീഡ് തിരിച്ചു പിടിച്ചു.
ജങ്പുര മണ്ഡലത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നിലാണ്. ഒന്നര മണിക്കൂറോളം പിന്നിലായിരുന്ന ശേഷം സിസോദിയ മുന്നിലെത്തിയിരുന്നു. എന്നാല്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചു. ബിജെപിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയാണ് സിസോദിയയുടെ പ്രധാന എതിരാളി. കല്‍ക്കാജിയില്‍ അതിഷിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ എംപിയുമായ രമേഷ് ബിദൂരിയാണ് മത്സരിക്കുന്നത്. യുവനേതാവ് അല്‍ക്ക ലാംബയാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ തുടക്കത്തില്‍ കെജരിവാളിനെ പിന്നിലാക്കി ബിജെപിയുടെ പര്‍വേശ് വര്‍മയാണ് മുന്നിലെത്തിയിരുന്നത്. മുന്‍മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് മുന്‍ എംപിയായ പര്‍വേശ്. മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന് സന്ദീപ് ദീക്ഷിതാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബാദലി മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.
വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ഡൽഹിയിൽ ബിജെപി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ വിജയാഘോഷം. ബി ജെ പി നേതാക്കാൾ പാർട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി. ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി ആരാണെന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ വ്യക്തമാക്കി.
നിലവിൽ ബിജെപി 48.3% വോട്ടുകൾ നേടിയപ്പോൾ ആം ആദ്മി പാർട്ടി 44.5 ശതമാനം വോട്ടുകളാണ് നേടിയിരിക്കുന്നത്. കോൺഗ്രസ് 6% വോട്ടുകളാണ് ആകെ നേടിയിട്ടുള്ളത്. ബിജെപിയുടെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെയും മക്കൾ മുന്നിലാണ്. ന്യൂഡൽഹിയിൽ സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമ മുന്നിൽ. മോത്തിനഗറിൽ മദൻലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന മുന്നിൽ തന്നെയാണ്.
മുസ്തഫാബാദ്, ഓഖ്ല, ബല്ലിമാരൻ എന്നിവിടങ്ങളിൽ ബിജെപി മുന്നിലാണ്. ബിജെപിയുടെ ഉമംഗ് ബജാജ് രാജിന്ദർ നഗർ മണ്ഡലത്തിൽ 3200 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.ആകെ 13 റൗണ്ടുകളിൽ നാല് റൗണ്ടുകളാണ് ആകെ പൂർത്തിയായിരിക്കുന്നത്.ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നുള്ള ബിജെപിയുടെ ലീഡ് നില 45 സീറ്റിലെത്തിയിട്ടുണ്ട്.