ആഗ്ര : കനത്ത മഞ്ഞിനെ തുടര്‍ന്ന് ആഗ്ര – ലക്നൗ ദേശീയ പാതയില്‍ കോഴികളെ കയറ്റി വന്ന ലോറി അപകടത്തിപ്പെട്ടത്തിന് പിന്നാലെ കോഴികളെ എടുത്തുകൊണ്ടു പോകുന്ന യാത്രക്കാടരുടെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. കനത്ത മൂടല്‍ മഞ്ഞില്‍ ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ച അസാധ്യമായതിനെ തുടര്‍ന്ന് 12 വാഹനങ്ങളാണ് ഒന്നിനു പിറകെ ഒന്നായി ദേശീയ പാതയില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, ഡല്‍ഹി – ആഗ്ര ദേശീയ പാതയില്‍ (എന്‍.എച്ച് 19) കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൂട്ടിയിടിച്ച വാഹനങ്ങളുടെ, കൂട്ടത്തില്‍ വില്പന കേന്ദ്രങ്ങളിലേക്ക് കോഴിയുമായി പോയ ഒരു പിക്കപ്പ് ലോറിയും ഉണ്ടായിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ജനങ്ങള്‍ അവസരം മുതലാക്കി കോഴികളെ എടുത്ത് മടങ്ങുകയായിരുന്നു. അപകടം നടന്ന് അരമണിക്കൂറോളം ഇത് തുടര്‍ന്നു.
മറ്റ് ചിലര്‍ ഇതെല്ലാം മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തുകയും ചെയ്തു. ആളുകള്‍ പറ്റാവുന്നത്ര കോഴികളെയുമെടുത്ത് കടന്നുകളയുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ ചാക്കുകളുമായി വന്ന് കൂട്ടത്തോടെ കോഴികളെ എടുത്ത് ചാക്കിലാക്കി കൊണ്ടുപോകുന്നുമുണ്ട്.