ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 12 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 88 മണ്ഡലങ്ങളിലായി 61 ശതമാനം പോളിങ്. ഉയർന്ന പോളിങ് ത്രിപുരയിലെ ഈസ്റ്റ് ത്രിപുര മണ്ഡലത്തിലാണ്–- 77.53 ശതമാനം. കുറവ് പോളിങ് യുപിയിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളിലായാണ്- 52.74 ശതമാനം.
ഒന്നാംഘട്ടത്തിൽ ഭാഗികമായി വോട്ടെടുപ്പ് പൂർത്തിയായ ഔട്ടർ മണിപ്പുർ മണ്ഡലത്തിൽ രണ്ടാം ഘട്ടത്തോടെ പോളിങ് പൂർത്തിയായി. മറ്റ് സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം- ഔട്ടർ മണിപ്പുർ- 76.06, ഛത്തീസ്ഗഢ്- 72.13, ബംഗാൾ- 71.84, അസം- 70.66, ജമ്മു കശ്മീർ- 67.22, കർണാടക- 63.9, രാജസ്ഥാൻ- 59.19, മധ്യപ്രദേശ്- 54.83, മഹാരാഷ്ട്ര- 53.51, ബിഹാർ- 53.03. കേരളത്തിലെ 20 മണ്ഡലങ്ങൾക്ക് പുറമെ രാജസ്ഥാനിലെ 13 ഉം കർണാടകത്തിലെ 14 ഉം മഹാരാഷ്ട്രയിലെയും യുപിയിലെയും എട്ടു വീതവും മധ്യപ്രദേശിലെ ഏഴും ബിഹാറിലെയും അസമിലെയും അഞ്ച് വീതവും ബംഗാളിലെയും ഛത്തീസ്ഗഢിലെയും മൂന്നു വീതവും ത്രിപുരയിലെയും ജമ്മു–-കശ്മീരിലെയും ഓരോ സീറ്റിലുമാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. മെയ് 20 ന് അഞ്ചാംഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണത്തിന് വെള്ളിയാഴ്ച തുടക്കമായി. എട്ട് സംസ്ഥാനങ്ങളിലും ജമ്മു -കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ്.