ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലത്തിൽ നാളെ വോട്ടെടുപ്പ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (റായ്ബറേലി), കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് (ലഖ്നൗ), സ്മൃതി ഇറാനി (അമേത്തി), പിയൂഷ് ഗോയൽ (മുംബൈ നോർത്ത്), നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഒമർ അബ്ദുള്ള (ബാരാമുള്ള), ശിവസേന (ഉദ്ധവ്) വിഭാഗം നേതാവ് അരവിന്ദ് സാവന്ത് (മുംബൈ സൗത്ത്), ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ (ശരൺ, ബിഹാർ), ചിരാഗ് പസ്വാൻ (ഹാജിപുർ, ബിഹാർ) എന്നീ പ്രമുഖർ ജനവിധി തേടുന്നു. ആകെ 695 സ്ഥാനാർഥികൾ.
ബംഗാളിൽ ഏഴിടത്താണ് വോട്ടെടുപ്പ്. വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതിയായ ബിജെപി നേതാവ് ബ്രിജ്ഭൂഷണിന്റെ സിറ്റിങ് സീറ്റായ കൈസർഗഞ്ചിൽ അദ്ദേഹത്തിന്റെ മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ–- 13 ഇടത്തായി 264 പേർ. ഉത്തർപ്രദേശിലെ 14 മണ്ഡലത്തിൽ 144 സ്ഥാനാർഥികൾ. ബംഗാളിൽ 88, ബിഹാറിൽ അഞ്ചു മണ്ഡലത്തിലായി 80, ജാർഖണ്ഡിൽ മൂന്നു മണ്ഡലത്തിലായി 54, ഒഡിഷയിൽ അഞ്ചിടത്തായി 40 എന്നിങ്ങനെയാണ് മറ്റു സ്ഥാനാർഥികൾ. ബാരാമുള്ളയിൽ 22ഉം ലഡാക്കിൽ മൂന്നും സ്ഥാനാർഥികളുണ്ട്. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം മഹാരാഷ്ട്രയിലെ ഛാത്രയാണ്–- 69.