ന്യൂഡൽഹി : പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടമായി രണ്ടര മാസത്തോളം നീണ്ട പ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണും. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57 മണ്ഡലത്തിലേക്കാണ് അവസാന വോട്ടെടുപ്പ്. കഴിഞ്ഞതവണ 30 സീറ്റിൽ എൻഡിഎയാണ് ജയിച്ചത്. ഇന്ത്യ കൂട്ടായ്മയിലെ കക്ഷികൾക്ക് 19 സീറ്റ് ലഭിച്ചപ്പോൾ ബിജെഡിക്ക് അഞ്ചു സീറ്റും അകാലിദളിന് രണ്ടു സീറ്റും ബിഎസ്പിക്ക് ഒരു സീറ്റും ലഭിച്ചു.ആറു ഘട്ടമായി 486 ലോക്സഭാ സീറ്റിലേക്കാണ് ഇതുവരെ വോട്ടെടുപ്പ് പൂർത്തിയായത്.
ആറാം ഘട്ടത്തിൽ 63.37 ശതമാനം
ശനിയാഴ്ച പൂർത്തിയായ ആറാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം മൂന്നുദിവസത്തിനുശേഷം ചൊവ്വാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടു. ഏഴു സംസ്ഥാനത്തിലെ 57 ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന വോട്ടെടുപ്പിൽ 63.37 ശതമാനമാണ് പോളിങ്. കഴിഞ്ഞതവണ 64.4 ശതമാനമായിരുന്നു. ഉയർന്ന പോളിങ് ബംഗാളിലാണ്–- 82.7 ശതമാനം. കുറവ് യുപിയിലാണ്–- 54.04 ശതമാനം. ഒഡിഷ–- 74.45, ഡൽഹി–- 58.69, ജാർഖണ്ഡ്–- 65.39, ജമ്മു-കശ്മീർ–- 55.4, ഹരിയാന–- 64.8, ബിഹാർ–- 57.18 എന്നിങ്ങനെയാണ് പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 10 സീറ്റിലും ബിജെപി ജയിച്ച ഹരിയാനയിൽ അഞ്ച് ശതമാനത്തിലേറെ പോളിങ് കുറഞ്ഞു. ഏഴു സീറ്റും ബിജെപി ജയിച്ച ഡൽഹിയിൽ രണ്ട് ശതമാനത്തിനടുത്ത് ഇടിഞ്ഞു. ആറു ഘട്ടത്തിലായി 65.9 ശതമാനമാണ് ഇതുവരെ രേഖപ്പെടുത്തിയ പോളിങ്. 2019ൽ 67.7 ശതമാനമായിരുന്നു. 1.8 ശതമാനത്തിന്റെ ഇടിവ്. എന്നാൽ, പോളിങ് കുറഞ്ഞെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണത്തിൽ 2.38 കോടിയുടെ വർധനയുണ്ട്.