ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ കേരളത്തിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലെ വിജയസാധ്യതയെക്കുറിച്ച് കോണ്‍ഗ്രസിന് അല്‍പ്പം ഭയമുണ്ടായിരുന്നു. കണ്ണൂര്‍, വടകര, ആലത്തൂര്‍, പാലക്കാട്, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നിവയായിരുന്നു ആ സീറ്റുകൾ. എന്നാൽ ഹൈക്കമാൻഡിന് ഈ മണ്ഡലങ്ങളിലെ സിറ്റിംഗ് എംപിമാരിലുള്ള വിശ്വാസം ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ മുൻപെയുണ്ടായിരുന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനില്ലെന്നാണ് മനസിലാകുന്നത്. പിണറായി സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം തങ്ങള്‍ ഉദ്ദേശിച്ചതിനെക്കാള്‍ വ്യാപകമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോൾ വിലയിരുത്തുന്നത്. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ 2019ലെ മികച്ച വിജയം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലന്നായിരുന്നു ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചത്. എന്നാൽ രണ്ടുമാസം കഴിയുമ്പോൾ സ്ഥിതിഗതികള്‍ തങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ അനുകൂലമായെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നു.
കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ പോയതോടെയാണ് കളം മാറിയത്. വടകരയില്‍ കെകെ ശൈലജയെ ഇറക്കി കെ മുരളീധരനെ തോല്‍പ്പിക്കാമെന്നായിരുന്നു സിപിഎം കണക്കുകൂട്ടിയത്. എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശനത്തോടെ മുരളി തൃശൂര്‍ക്ക് മാറുകയും വടകരയില്‍ ഷാഫി പറമ്പില്‍ എത്തുകയും ചെയ്തതോടെ ചിത്രം മാറി. സിപിഎമ്മും ഇടതുമുന്നണിയും ഒരിക്കലും പ്രതീക്ഷിക്കാത്ത രാഷ്ട്രീയനീക്കമായിരുന്നു അത്. പത്മജയെ എടുത്തത് കൊണ്ട് ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഇതുവരെ ഉണ്ടായുമില്ല. അവരെ പ്രചാരണരംഗത്ത് ബിജെപി ഇറക്കുന്നു പോലുമില്ല. സിപിഎം പ്രതീക്ഷിച്ച പിന്തുണ ഇത്തവണ മുസ്ലിം കേന്ദ്രങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന് രഹസ്യമായി സമ്മതിക്കുന്നു. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ ജനകീയകൂട്ടായ്മകള് സംഘടിപ്പിച്ചതൊന്നും വോട്ടായി മാറുമെന്ന വിശ്വാസം ഇപ്പോള്‍ സിപിഎമ്മിനില്ല. ക്രൈസ്തവ സഭകള്‍ ബിജെപിയുടെ പിറകേ പോയാല്‍ ചോരുന്നത് കോണ്‍ഗ്രസിന്റെ വോട്ടായിരിക്കുമെന്ന മുന്‍വിധിയും പാളി. കാസര്‍കോട് റിയാസ് മൗലവിയെന്ന മുസ്ലിം പുരോഹിതനെ വധിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടത് വലിയ എതിർ വികാരമാണ് മുസ്ലിം വിഭാഗത്തില്‍ സൃഷ്ടിച്ചത്. മുസ്ലിം ലീഗ് അടക്കമുളളവര്‍ ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ തിരിയുകയും ചെയ്തു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി വളരെ ശക്തമായി തന്നെ സിപിഎം നേതാക്കള്‍ക്കെതിരെ നീങ്ങുകയാണ്. അതോടൊപ്പം മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ അന്വേഷണം കടുപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു നീക്കം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും കരുതിയില്ല. മാസപ്പടിക്കേസിലും കരുവന്നൂരിലും അറസ്റ്റിന്റെ വഴിയെ തന്നെയാണ് കേന്ദ്ര ഏജന്‍സികള്‍ പോകുന്നതെന്ന സൂചനയും പാർട്ടിക്ക് കിട്ടിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് കേസില്‍ ഇഡി ഏതായാലും കടുത്ത നടപടികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൈക്കൊളളുമെന്നാണ് പാർട്ടി പേടിക്കുന്നത്. കാരണം ബിജെപിക്ക് കേരളത്തില്‍ പ്രതീക്ഷയുള്ള ഏക സീറ്റാണ് സുരേഷ് ഗോപി മല്‍സരിക്കുന്ന തൃശൂര്‍. അതുകൊണ്ട് ആ മണ്ഡലത്തില്‍ അദ്ദേഹത്തിന് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുന്ന നീക്കം കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടാകുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നുണ്ട്. സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഇഡി തിരുമാനിച്ചതും തെരഞ്ഞെടുപ്പ് കഴിയും വരെ ഈ വിഷയം കത്തിനില്ക്കണമെന്നാഗ്രഹിച്ചുകൊണ്ടാണ്.
അതുപോലെ പത്തനംതിട്ടയിലും വിജയം പ്രതീക്ഷിച്ചാണ് സിപിഎം ഡോ. ടിഎം തോമസ് ഐസക്കിനെ ഇറക്കിയത്. പിസി ജോര്‍ജ്ജായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയെങ്കില്‍ ആന്റോ ആന്റണി പരാജയപ്പെടുമെന്നാണ് പാര്‍ട്ടി കരുതിയിരുന്നതും. എന്നാല്‍ പിസി ജോര്‍ജ്ജിന് പകരം അനില്‍ ആന്റണി സ്ഥാനാര്‍ത്ഥിയായതോടെ ആന്റോയുടെ വിജയസാധ്യത മങ്ങില്ലെന്ന വസ്തുത സിപിഎം മനസിലാക്കി. കെപിസിസി അധ്യക്ഷനായ ശേഷം കെ സുധാകരന് കണ്ണൂരില്‍ നിന്ന് ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നത് തന്നെ വിരളമായിരുന്നു. സുധാകരന് കണ്ണൂരില്‍ നില്ക്കാന് സാധ്യതയില്ലെന്ന് കണ്ടാണ് എംവി ജയരാജനെ പാർട്ടി രംഗത്തിറക്കിയത്. എന്നാല്‍ അവസാന നിമിഷം സുധാകരന് മല്‍സരിച്ചേ തീരൂ എന്ന കര്‍ശന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്കി. അതോടെ അവിടുത്തെ ചിത്രവും മാറി. ആറ്റിങ്ങലില്‍ വി മുരളീധരന് അടൂര്‍ പ്രകാശിന്റെ പരമ്പരാഗത വോട്ടുബാങ്കിലേക്ക് കയറുമെന്ന പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് വര്‍ക്കല എംഎല്‍എ വി ജോയിയെ അവിടെ സിപിഎം രംഗത്തിറക്കിയത്. ജോയി പ്രാദേശികമായി ശക്തമായ ജനപിന്തുണയുള്ള നേതാവാണ്. എന്നാലും ഇപ്പോള്‍ അവിടെയും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നിലവില്‍ മാവേലിക്കരയിലും ആലത്തൂരിലും പാലക്കാട്ടും മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് വിജയപ്രതീക്ഷയില്‍ അല്‍പ്പമെങ്കിലും സംശയമുള്ളത്.
2019ലെ 19-1നു പകരം ഇത്തവണ 13-7 എന്ന സീറ്റുനിലക്കാണ് സാധ്യതയെന്ന് കോണ്‍ഗ്രസിലെ പല നേതാക്കളും ഫെബ്രുവരി ആദ്യവാരം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മെച്ചപ്പെട്ട വിജയം ഉണ്ടാകാനാണ് സാധ്യത എന്ന വലിയ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. സിപിഎം വിചാരിക്കാത്ത തരത്തിലുള്ള രാഷ്ട്രീയമാറ്റങ്ങളെ അവര്‍ക്ക് നേരിടേണ്ടി വരുന്നു എന്നതാണ് ആ പാര്‍ട്ടിയെ കുഴക്കുന്നത്. അതിലൊന്നാണ് മുസ്ലിം സംഘടനകളുടെ എതിര്‍പ്പ്. മറ്റൊന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കര്‍ശനമായ ഇടപടലും. ഇതു രണ്ടും ഈ സമയത്ത് സംഭവിക്കുമെന്ന് സിപിഎം തുടക്കത്തില്‍ പ്രതീക്ഷിച്ചില്ല. കോണ്‍ഗ്രസിന്റെ സീറ്റുകുറക്കുന്ന കാര്യത്തില്‍ ബദ്ധശ്രദ്ധരായിരിക്കുന്ന ബിജെപി നേതൃത്വം തങ്ങളെ ഉപദ്രവിക്കില്ലെന്നാണ് സിപിഎം കരുതിയതെന്നും അതാണ് അവര്‍ക്ക് തെറ്റിപ്പോയതെന്നും ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു