വയനാട്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാൽ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാഗ്ദാനം. അദ്ദേഹം വയനാട്ടില്‍ ജയിക്കുക അസംഭവ്യമാണെന്ന് സ്ഥിരബുദ്ധിയുള്ള ആര്‍ക്കും അറിയാം. പിന്നെ എന്തിനാണ് ഇത്തരത്തിലൊരു വിഷയം അദ്ദേഹം വിവാദമാകുന്നത് ? അതാണ് ബിജെപിയുടെ കൃത്യവും വ്യക്തവുമായ രാഷ്ട്രീയം.
മുസ്ലിംലീഗും ഇടതുപക്ഷവുമടക്കം അതില്‍ കയറിപ്പിടിച്ച് വിവാദമാക്കിയതോടെ ഒന്നാം ഘട്ടത്തില്‍ നേട്ടമുണ്ടാക്കിയത് കെ സുരേന്ദ്രന് തന്നെ. ബിജെപിയുടെ മുഖ്യശത്രുവായ കോണ്‍ഗ്രസിന്റെ എക്കാലത്തെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ഗാന്ധിയാണ് വയനാട്ടില്‍ മല്‍സരിക്കുന്നത്. അടുത്ത സ്ഥാനാര്‍ത്ഥി സിപിഐയുടെ ദേശീയ നേതാവായ ആനി രാജയും. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ സുരേന്ദ്രന് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എന്നാല്‍ അവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ കേവലം എട്ടുശതമാനം മാത്രം വോട്ടുള്ള ബിജെപി സ്ഥാനാര്‍ത്ഥി ഒതുങ്ങിപ്പോകാതിരിക്കാന്‍ പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രങ്ങള്‍ കണ്ടുപിടിച്ച മാര്‍ഗമാണ് സുല്‍ത്താന്‍ ബത്തേരിയെ ഗണപതിവട്ടമാക്കുമെന്ന പ്രഖ്യാപനം.
ഒരു സ്ഥലത്തിന്റെ പേര് മാറ്റാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനാണ്. ഇന്ത്യയിലും കേരളത്തിലും എല്ലായിടത്തും സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ് അതു ചെയ്യുന്നതും ചെയ്തിട്ടുള്ളതും. അല്ലാതെ പാര്‍ലമെന്റംഗത്തിന് അതില്‍ യാതൊരു റോളുമില്ല. എന്നാല്‍ ഒരിക്കലും ജയിക്കാത്ത സീറ്റില്‍ മല്‍സരിക്കുമ്പോഴും എതിര് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതിമാറ്റാന്‍ ബിജെപിക്ക് കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ വിവാദം. കൃത്യമായി തന്നെ ഇടതുപക്ഷവും മുസ്ലിം ലീഗും അതില്‍ ചെന്ന് തലവച്ചുകൊടുത്തു. ജനശ്രദ്ധ തിരിക്കാനുള്ള അടവാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ഈ വിവാദത്തില്‍ നിന്നും സുരക്ഷിത അകലം പാലിക്കുകയും ചെയ്തു.
മുസ്ലിം വിഭാഗത്തിന് നിര്‍ണ്ണായക ഭൂരിപക്ഷമുള്ള മൂന്ന് അസംബ്ളി മണ്ഡലങ്ങളും ക്രൈസ്തവർക്ക് സ്വാധീനമുള്ള രണ്ട് അസംബ്ളി മണ്ഡലങ്ങളുമടങ്ങുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. ബിജെപിക്ക് ഏറ്റവും ശക്തി കുറഞ്ഞ മണ്ഡലങ്ങളിലൊന്നായാണ് വയനാട് കരുതപ്പെടുന്നത്. എന്നാലും ആ മണ്ഡലത്തില്‍ ഒന്ന് പൊരുതി നോക്കാമെന്നാണ് ബിജെപിയുടെ നിലപാട്. ദേശീയ തലത്തില്‍ ബിജെപി പ്രയോഗിക്കുന്ന ധ്രൂവീകരണതന്ത്രത്തിന്റെ ചെറിയ ഡോസ് വയനാട്ടില്‍ ഇറക്കിക്കൊണ്ടാണ് പൊരുതാനുള്ള ഇടം സുരേന്ദ്രന് സെറ്റാക്കുന്നത്.
ബിജെപി മുൻപ് തന്നെ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാലിതിന് കാര്യമായ ജനശ്രദ്ധ കിട്ടിയിരുന്നില്ല. മൈസൂര്‍ നവാബായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധങ്ങളും പീരങ്കികളും സൂക്ഷിച്ചിരുന്ന സ്ഥലമാണ് പിന്നീട് സുല്‍ത്താന്‍ ബത്തേരി ആയത്. ആ പ്രദേശത്ത് പ്രശസ്തമായ ഒരു ഗണപതി ക്ഷേത്രവുമുണ്ട്. ക്ഷേത്രം നില്ക്കുന്ന പ്രദേശത്തെ ഗണപതിവട്ടമെന്നു പറയുമെങ്കിലും മുനിസിപ്പാലിറ്റിയും നിയോജകമണ്ഡലവും അറിയപ്പെടുന്നത് സുല്‍ത്താന്‍ ബത്തേരിയെന്നാണ്. കേരളം സംസ്ഥാന രൂപീകരണത്തിന് മുമ്പും ഈ പ്രദേശം മുഴുവനായി അറിയപ്പെട്ടിരുന്നത് സുല്‍ത്താന്‍ ബത്തേരിയെന്ന് തന്നെയാണ്. ബ്രിട്ടീഷ് രേഖകളിലും സുല്‍ത്താന്‍ ബത്തേരി എന്ന് തന്നെയാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. അത് മാറ്റേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല.
ഇത്തവണ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാൻ കെ സുരേന്ദ്രന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ കേന്ദ്രനേതൃത്വം അദ്ദേഹത്തെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് തള്ളിവിടുകയായിരുന്നു. അതും സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍. ഇരുപത് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സംസ്ഥാനമൊട്ടുക്കും ഓടി നടക്കാന്‍ ആഗ്രഹിച്ച സുരേന്ദ്രനെ ബിജെപി നേതൃത്വം വയനാട്ടില്‍ പൂട്ടിയിട്ടു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് നിയോജകമണ്ഡലങ്ങളില്‍ മല്‍സരിക്കുകയും ഹെലികോപ്റ്ററില്‍ പറന്ന് നടന്ന് പ്രചാരണം നടത്തുകയും ചെയ്ത സുരേന്ദ്രനോട് ഇത്തവണ അത്രക്ക് ആര്‍ഭാടം വേണ്ടെന്നാണ് നേതൃത്വം നിര്‍ദേശിച്ചത്.എന്നാല്‍ വീണിടം വിദ്യയാക്കാന്‍ സുരേന്ദ്രനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ കുറേസമയത്തേക്ക് എങ്കിലും സുരേന്ദ്രന് കഴിഞ്ഞു.
പോളിംഗ് അടുത്തുവരുമ്പോഴേക്കും ഗണപതിവട്ടം പോലെ ഒരു വിവാദ വിഷയം കൂടി പൊങ്ങിവരാനുള്ള സാധ്യത കാണുന്നുണ്ട്. കാരണം മണ്ഡലത്തില്‍ ഓടിനടന്ന് പ്രചാരണം നടത്തുന്നതൊക്കെ നഷ്ടക്കച്ചവടമാണെന്ന് സുരേന്ദ്രനറിയാം. ഇതാകുമ്പോള്‍ ടിവി ചാനലുകള്‍ തന്നെ അന്വേഷിച്ച് പിറകേ വരും. കാര്യമായി ഒന്നും ചെയ്യാതെ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യാം. സുരേന്ദ്രന് വട്ടത്തിലാക്കുന്നത് ഇടതിനെയും വലതിനെയും തന്നെയാണ്. സുരേന്ദ്രന് പൊക്കിക്കൊണ്ടുവരുന്ന ഓരോ വിവാദവും അദ്ദേഹത്തിനായുള്ള മികച്ച പബ്ളിക്ക് റിലേഷന്‍ വര്‍ക്കാണെന്ന് മറ്റു ഇരുമുന്നണികളും മനസിലാക്കുന്നില്ല.